പാഠ്യപദ്ധതിയിൽ നിന്നും ഇഖ്ബാലിനെ ഒഴിവാക്കി ദില്ലി സർവകലാശാല

സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയ ‘സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ…’ എന്ന ദേശഭക്തിഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കാൻ ദില്ലി സർവകലാശാല. ഇതുസംബന്ധിച്ച് സർവകലാശാല അക്കാദമിക് കൗൺസിൽ വെള്ളിയാഴ്ച പ്രമേയം പാസാക്കി.

ബിഎ പൊളിറ്റിക്കൽ സയൻസ് ആറാംസെമസ്റ്റർ വിദ്യാർത്ഥികൾക്കുള്ള ‘മോഡേൺ പൊളിറ്റിക്കൽ തോട്ട്’ എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്. ചിന്തകരെ സംബന്ധിക്കുന്ന 11 പാഠഭാഗങ്ങളാണ് നിലവിൽ സെമസ്റ്ററിലുള്ളത്. അതിലൊന്നാണ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം. റാംമോഹൻ റോയ്, പണ്ഡിത രമാഭായി, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ഭീംറാവു അംബേദ്കർ എന്നിവരെ സംബന്ധിക്കുന്നതാണ് മറ്റ് അധ്യായങ്ങള്‍.

നിർദേശങ്ങൾ ജൂൺ ഒമ്പതിനുചേരുന്ന സർവകലാശാലയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ പരിഗണിക്കും. കൗൺസിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

1904ൽ രചിക്കപ്പെട്ട ‘സാരേ ജഹാം സേ അച്ഛാ…’ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ സമരായുധമായാണ് ഉപയോഗിച്ചിരുന്നത്. അല്ലാമ ഇഖ്ബാൽ എന്നപേരിലാണ് മുഹമ്മദ് ഇഖ്ബാൽ പ്രശസ്തനായത്.

ഇന്ത്യാവിഭജനത്തിന് അടിത്തറപാകിയ നിർണായകപ്രസംഗം നടത്തിയത് ഇഖ്ബാലാണെന്നും അദ്ദേഹത്തിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാവില്ല എന്നും ദില്ലി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിംഗ് വിശദീകരണം നൽകി.

മുമ്പ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍ അതില്‍ നിന്നും മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട അധ്യായങ്ങളും മഹാത്മാ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും നീക്കം ചെയ്തിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശങ്ങളും പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയത് വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here