
കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ യോജിച്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ചെന്നൈ സമ്മേളനം. മണ്ഡല പുനര്‍ നിര്‍ണയ തീരുമാനം അടുത്ത 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം. പാര്‍ലമെന്റിലെ നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മ സമിതി രൂപീകരിക്കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നേരിട്ടറിയിക്കാനും യോഗം തീരുമാനിച്ചു.
ജനസംഖ്യാടിസ്ഥാനത്തിലുളള മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ ഒറ്റക്കെട്ടായ പോരാട്ടത്തിന് ആഹ്വാനം ചെയ്താണ് ചെന്നൈയിലെ സമ്മേളനം അവസാനിച്ചത്. മണ്ഡല പുനര്‍ നിര്‍ണയ നീക്കം കേന്ദ്രം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം. എല്ലാ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റിനകത്തും പുറത്തും വരും ദിവസങ്ങളിൽ യോജിച്ച പ്രതിഷേധത്തിനും യോഗം ആഹ്വാനം ചെയ്തു. പാര്‍ലമെന്റിലെ പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മ സമിതി രൂപീകരിക്കും. ഈ ബജറ്റ് സമ്മേളനത്തില്‍ തന്നെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിക്കാനും രാഷ്ട്രപതിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യനിര തീരുമാനിച്ചു. ചരിത്ര ദിനമാണിതെന്ന് വിശേഷിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ദക്ഷിണേന്ത്യയോടുളള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
Also Read: ‘മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ല’: മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തെ ബഹുസ്വരതയെ തകര്‍ക്കുന്ന തീരുമാനമാണ് കേന്ദ്രം നടപ്പാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലപുനർനിർണയനത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യത്തെയും അസ്ഥിരപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രനീക്കം അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം ഇല്ലാതാക്കുകയാണ് കേന്ദ്രം എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം, കര്‍ണാടക, തെലങ്കാന, ഒഡിഷ, പഞ്ചാബ് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍, കിഴക്കന്‍ സംസ്ഥാനങ്ങളിലെ 13 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും ഒഡിഷ മുന്‍ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായികും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പങ്കെടുത്തു. കേന്ദ്രനീക്കത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യവും ശക്തിയും വിളിച്ചോതുന്നതായി മാറി ചെന്നൈയിലെ സമ്മേളനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here