നിഷേധിക്കപ്പെടുന്ന പൗരത്വം; ഒരു പോർട്ടലിൽനിന്ന് മറ്റൊന്നിലേക്ക് തട്ടിയകറ്റപ്പെടുന്നു: ആർ രാജ​ഗോപാൽ

r rajagopal

മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ ‘ദ വയറി’ൽ എഴുതിയ അനുഭവക്കുറിപ്പിൻ്റെ സംക്ഷിപ്തം

രാജ്യത്തെ സാധാരണക്കാരോടും പാവപ്പെട്ടവരോടും നടത്തുന്ന ഈ നിഷേധം നിങ്ങൾക്ക് ഇപ്പോഴാണോ മനസിലാകുന്നത്. വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെപ്പറ്റിയും പാസ്പോർട്ട് വേരിഫിക്കേഷൻ വൈകിയതിനെപ്പറ്റിയും ഒരു മുതിർന്ന മാധ്യമപ്രവർത്തകനോട് പറഞ്ഞപ്പോൾ ഇങ്ങനെയാണ് എന്നെ ശാസിച്ചത്. എൻ്റെ അവസ്ഥയെക്കുറിച്ച് എവിടെ പറഞ്ഞാലും അതൊരു ഇരവാദമായി മത്രമേ കാണു എന്നുള്ളതുകൊണ്ടാണ് മുന്നേ ഇതിനെപ്പറ്റി എവിടേയും എഴുതാതിരുന്നത്. ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ ചേർക്കപ്പെട്ടിരിക്കുന്നുവെന്നാണ് ആ നിഷേധത്തിന് നൽകിയ മറുപടി. ഫെബ്രുവരി 27-നാണ് പാസ്‌പോർട്ട് പുതുക്കാനായി അപേക്ഷ സമർപ്പിച്ചത്. മാർച്ച് 19-ന് അപ്പോയിന്റ്മെന്റും ലഭിച്ചു. മാർച്ച് 27-ന് ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽനിന്ന് എന്റെ പേര് നീക്കം ചെയ്‌തു. 2002 ലെ വോട്ടർ പട്ടികയിൽ അച്ഛൻ്റേയോ എൻ്റേയോ പേരില്ലെന്നതായിരുന്നു അതിന് കാരണമായി പറഞ്ഞത്. കേരളത്തിലെ ഗാന്ധി സ്മാരകനിധിയുടെ മുൻ സെക്രട്ടറിയും സാമ്പത്തികശാസ്ത്ര റിട്ടയേർഡ് പ്രൊഫസറുമായിരുന്ന എന്റെ അച്ഛൻ 2016-ൽ അന്തരിച്ചു. വോട്ടവകാശം കൃത്യമായി വിനിയോഗിച്ചിരുന്ന അദ്ദേഹത്തെപ്പോലൊരാൾ എങ്ങനെ വോട്ടർപ്പട്ടികയിൽ ഇല്ലാതെപോകുമെന്നത് ഇപ്പോഴും മനസ്സിലാകുന്നില്ല.

30 വർഷമായി കൊൽക്കത്തയിലാണ് ജീവിക്കുന്നത്. 25 വർഷത്തിലേറെയായി ബാലിഗഞ്ചിലെ ഇതേ വിലാസത്തിലും. 2010 മുതൽ അവിടത്തെ വോട്ടറുമാണ്. ഈ നഗരം ആസ്ഥാനമായ ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ എഡിറ്ററായിരുന്നു ഞാൻ. 2023 സെപ്തംബറിൽ ആ ചുമതല പെട്ടെന്ന് അവസാനിക്കുന്നതുവരെ ഏഴുവർഷം ആ പദവിയിലുണ്ടായിരുന്നു. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും എന്നെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതിന് കൃത്യമായ കാരണം നൽകിയിട്ടില്ല. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ട്രിബ്യൂണലുകളിലൊന്നിൽ എന്റെ അപ്പീൽ പരിഗണനയിലാണ്. ഇതിന്റെ ഫലമായി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ലെന്ന് മാത്രമല്ല മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. അതിനേക്കാൾ കൂടുതൽ എന്നെ വിഷമിപ്പിച്ചത് പാസ്‌പോർട്ട് അപേക്ഷയുടെ അവസ്ഥയാണ്. 2026 മാർച്ച് 19-ന് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും പൊലീസ് വെരിഫിക്കേഷൻ കുടുങ്ങി. ഒടുവിൽ ബാലിഗഞ്ച് സ്റ്റേഷനിലേക്ക് എന്നെ വിളിപ്പിച്ചു. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, താമസരേഖ, അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചു. അതിനുശേഷമാണ് പാസ്‌പോർട്ട് വെരിഫിക്കേഷൻ ഓഫീസിലേക്ക് വിട്ടത്. അവിടെ നിന്നാണ് ഒരു ഉദ്യോ​ഗസ്ഥൻ ഒരു കുറിപ്പടി തരുന്നത് ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടുവെന്ന തരത്തിൽ. വോട്ടർ പട്ടികയിൽ പേരില്ലാതെ പാസ്പോർട്ട് വേരിഫിക്കേഷൻ നടക്കില്ലെന്നതാണ് കാരണമായി പറയുന്നത്. കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. അതിനിടെയാണ് മകളുടെ കല്യാണം സാൻഫ്രാൻസിസ്കോയിൽ നടക്കുന്നത്. സാധുവായ യുഎസ് വിസ ഉണ്ടായിരുന്നിട്ടും കൈയിൽ നിലവിലുള്ള പാസ്‌പോർട്ട് ഇല്ലാത്തതിനാൽ ആ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.​ഒരു പൗരൻ എന്ന നിലയിൽ ഞാനിപ്പോൾ തികച്ചും അനിശ്ചിതാവസ്ഥയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബരേഖകളും മറ്റുരേഖകളും സംഘടിപ്പിക്കാനാണ് ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്.

ഓരോ ദിവസവും ആരംഭിക്കുന്നത് ട്രിബ്യൂണലിലെ വോട്ടവകാശ അപ്പീലിന്റെ അവസ്ഥയും പാസ്‌പോർട്ട് ട്രാക്കറും പരിശോധിച്ചുകൊണ്ടാണ്. അച്ഛനും അമ്മയും ഇവിടെ ജീവിച്ചിരുന്നവരാണെന്നും ഞാൻ ഒരു ഇന്ത്യൻ പൗരനാണെന്നും തെളിയിക്കാൻ സഹായിക്കുന്ന എന്തെങ്കിലും രേഖകൾക്കായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കത്തയക്കുകയോ സംസാരിക്കുകയോ ചെയ്യുന്നു. വിവിധ രേഖകൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയെങ്കിലും അതൊന്നും മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനൊന്നും അത് മതിയാകുമായിരുന്നില്ല. എന്റെ അച്ഛൻ മദ്യപാനത്തിനും വർഗീയതയ്ക്കുമെതിരെ പ്രചാരണം നടത്തിയതിന്റെ എന്തെങ്കിലും വാർത്തകളോ ചിത്രങ്ങളോ ഉണ്ടോയെന്ന് അറിയാൻ കേരളത്തിലെ മദ്യവർജനപ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ട്.

Also read: കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം; വൈസ് ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

അടുത്തയിടയ്ക്കാണ് എന്റെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചത്. സ്കൂൾ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ 57 വർഷം ഇന്ത്യയിൽ സമാധാനമായി ജീവിക്കാനും പഠിക്കാനും ജോലി നേടാനും ഒരു കുടുംബം പുലർത്താനും കഴിഞ്ഞു എന്നത് ഞാൻ ജനിച്ചുവളർന്ന ഈ രാജ്യത്തിന്റെ മഹത്വത്തിന്റെ തെളിവാണ്. ഇതെല്ലാം നടക്കുമ്പോഴും ഒരു മാധ്യമസ്ഥാപനവും എന്റെ ഈ അവസ്ഥയിൽ താൽപ്പര്യം കാണിച്ചതായി എനിക്കറിയില്ല. ഇത് എന്റെമാത്രം അവസ്ഥയല്ല. മാധ്യമപ്രവർത്തനത്തിൽ ജീവിതം ചെലവഴിക്കുകയും പ്രശസ്തമായ പത്രത്തിന്റെ എഡിറ്ററാവുകയും ചെയ്ത ഒരാൾക്ക് ഈ അവസ്ഥയാണെങ്കിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും? മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന് സാധാരണ പൗരന്മാരുടെ ജീവിതവുമായി വലിയ ബന്ധമൊന്നുമില്ലെന്ന എന്റെ സംശയം സ്വന്തം അനുഭവത്തിലൂടെ വീണ്ടും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഫുട്ബോൾ സീസണിൽ എണ്ണമറ്റ ഇന്ത്യക്കാരെപ്പോലെ ഞാനും ഒരു ഫുട്ബോളായി മാറിയിരിക്കുന്നു. ഒരു ഓഫീസിൽനിന്ന് മറ്റൊരു ഓഫീസിലേക്കും ഒരു പോർട്ടലിൽനിന്ന് മറ്റൊന്നിലേക്കും തട്ടിയകറ്റപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News