
അടൂർ നിയമസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രിജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഗാനം ആലപിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും. ഇപ്റ്റ ജില്ലാ ഗായക സംഘത്തോടൊപ്പമാണ് ചിറ്റയം ഗാനം ആലപിച്ചത്. മുൻപ് ചലച്ചിത്രങ്ങളിലും സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച ചിറ്റയം ഗാനാലാപത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു.
നിരവധി നാടൻപാട്ടുകളും നാടക ഗാനങ്ങളും ഇതിനോടകം ആലപിച്ച് ശ്രദ്ധ നേടിയ വ്യക്തികൂടിയാണ് അദ്ദേഹം. കാര്യമായ പരിശീനം ഇല്ലാതെ പാടിയിട്ടും മികവ് തെളിയിച്ചതായി ഗാനത്തിന്റെ അണിയറ ശിൽപ്പികൾ പറഞ്ഞു. ബി അജിതകുമാർ രചനയും അഭിലാഷ് നാരങ്ങാനം സംഗീതവും ചെയ്ത അഞ്ച് ഗാനങ്ങളാണ് ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ചിറ്റയത്തോടൊപ്പം ഗായക സംഘം ആലപിച്ചത്.
ഗാനങ്ങളുടെ റിക്കോഡിംഗ് അടൂർ റോയൽ ഓഡിയോ ഹബിൽ ഇന്നലെ നടന്നു. ചിറ്റയത്തോടൊപ്പം സുനിൽ വിശ്വം, അപർണ മഞ്ജുനാഥ്, ആനി ബാബു, സുനിൽകുമാർ കെ, ശ്രീധന്യ എന്നിവരും ആലാപനത്തിൽ പങ്കാളികളായിട്ടുണ്ട്. റോയൽ ജിനുവാണ് ശബ്ദ മുദ്രണം നിർവ്വഹിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

