സംസ്ഥാന ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല; രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയലില്‍ ഗവര്‍ണര്‍ക്കെതിരെ എഴുതിയിട്ടുള്ളത്.

“സംസ്ഥാനത്തിന്റെ ഭരണത്തലവൻതന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര നടപടികളാണ് കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവർണർ. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ്‌ ഗവർണർ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരമാണ് ഗവർണർക്ക് ഭരണഘടന നൽകുന്നത്‍. സ്വന്തമായി തീരുമാനമെടുത്ത്‌ സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. അതിനിവിടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുണ്ട്‌.

ഏത്‌ ഭരണാധികാരിക്കെതിരെയും പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക്‌ നൽകുന്നുണ്ട്‌. തങ്ങൾക്ക്‌ അഹിതമെന്ന്‌ തോന്നുന്ന കാര്യങ്ങൾ ഭരണാധികാരികളിൽനിന്നുണ്ടായാൽ പൗരന്മാർ പ്രതിഷേധിക്കും. കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഏജന്റായി പ്രവർത്തിക്കുന്ന ചാൻസലറുടെ നടപടിക്കെതിരെയാണ് ഇവിടെ എസ്എഫ്ഐ പ്രതിഷേധിച്ചത്. സമരം അധികൃതർക്ക്‌ സുഖിക്കുന്ന രീതിയിലായിരിക്കണമെന്നില്ല. അതിൽ നിയമവിരുദ്ധമായതുണ്ടെങ്കിൽ പൊലീസ്‌ കേസെടുത്ത്‌ നടപടി സ്വീകരിക്കും. അത്‌ പുതിയ കാര്യമൊന്നുമല്ല. നിരവധി പ്രതിഷേധ സമരങ്ങളും കേസുകളും കേരളം കണ്ടിട്ടുണ്ട്‌. എന്നാൽ, പ്രതിഷേധക്കാരെ നേരിടാൻ തെരുവുഗുണ്ടയെപ്പോലെ ഭരണാധികാരി റോഡിലിറങ്ങുന്നത്‌ മുമ്പെങ്ങും കണ്ടിട്ടില്ല. ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത്‌ ഭരണാധികാരികൾ ഇങ്ങനെ പ്രവർത്തിച്ചതായി അറിവില്ല. സമരം നടത്താനും അതിനെ നേരിടാനും ചില ജനാധിപത്യ രീതികളും മര്യാദകളും ഉണ്ട്‌. സമരങ്ങളിൽ നിയമവിരുദ്ധമായത്‌ പലതും ഉണ്ടാകും. അതിനെയെല്ലാം നിയമപരമായി നേരിടാൻ നമുക്ക്‌ സംവിധാനമുണ്ട്‌. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം സാഹചര്യങ്ങളിൽ കാണിക്കേണ്ട ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും ഉണ്ട്‌. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം ഗവർണറെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ആൾക്കുണ്ടാകണം. ഇത്രയും അനുഭവ സമ്പത്തുണ്ടായിട്ടും ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അത്‌ ആർജിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹം ഈ സ്ഥാനത്തിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തുകയാണ്‌.

Also Read : പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത്, കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി; മുഖ്യമന്ത്രി

ശനിയാഴ്‌ച കൊല്ലം നിലമേലിൽ ഉണ്ടായത്‌ ഇന്ത്യൻ ജനാധിപത്യത്തിനാകെ കളങ്കമാണ്‌. ഭരണഘടനയെപ്പോലും വെല്ലുവിളിച്ച്‌ രാജ്യത്തെ നിയമങ്ങളൊന്നും തനിക്ക്‌ ബാധകമല്ലെന്ന രീതിയിൽ പ്രതിഷേധക്കാരുടെ നേർക്ക്‌ പാഞ്ഞടുത്ത കേരള ഗവർണറുടെ മനോനില പരിശോധിക്കേണ്ടതാണ്‌. സമരക്കാർ ആരും ഗവർണറുടെ വാഹനത്തിനു മുന്നിലേക്ക്‌ ചാടുകയോ അദ്ദേഹത്തിന്റെ യാത്രയ്‌ക്ക്‌ എന്തെങ്കിലും തടസ്സമുണ്ടാക്കുകയോ ചെയ്‌തിട്ടില്ല. തികച്ചും ജനാധിപത്യ രീതിയിൽ ബാനറും കറുത്തതുണിയും ഉയർത്തിക്കാണിച്ച്‌ റോഡരികിൽനിന്ന്‌ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കു നേരെയാണ്‌ ഗവർണർ കാർ നിർത്തി പാഞ്ഞടുത്തത്‌. കാറിൽ ആരോ ഇടിച്ചെന്ന പച്ചക്കള്ളമാണ്‌ ഇതിനായി പറഞ്ഞത്‌. ഗവർണർ തന്റെ ബെൻസ്‌ കാർ സമരക്കാർ നിന്നതിന്റെ 25 മീറ്റർ അകലെ നിർത്തിച്ചാണ്‌ റോഡിലിറങ്ങിയത്‌. സുരക്ഷാ നിയമങ്ങൾക്ക്‌ വിരുദ്ധമായതിനാൽ പൊലീസ്‌ തടയാൻ ശ്രമിച്ചെങ്കിലും അവരെ തട്ടിമാറ്റി ‘ആവോ, ആവോ’ (വാ… വാ) എന്ന്‌ പറഞ്ഞ്‌ സമരംചെയ്യുന്ന വിദ്യാർഥികളുടെ അടുത്തേക്ക്‌ ആക്രോശിച്ച്‌ ചെല്ലുകയായിരുന്നു. സംസ്ഥാനത്തിന്റെ ഗവർണറാണ്‌ ഇങ്ങനെ ക്രൂദ്ധനായി ചെല്ലുന്നതെന്ന്‌ ഓർക്കണം. നിലവിട്ട്‌ പെരുമാറിയ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഒന്നര മണിക്കൂർ റോഡിൽ കസേരയിട്ടിരുന്നു. എസ്‌എഫ്‌ഐക്കാരെ അസഭ്യം പറഞ്ഞ്‌, അവർക്കെതിരെ കേസെടുക്കണമെന്ന്‌ വാശിപിടിച്ചായിരുന്നു കുത്തിയിരിപ്പ്‌. അവിടെയിരുന്ന്‌ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയുമെല്ലാം വിളിക്കുന്ന ഗവർണർ സ്വയം അപഹാസ്യനാകുന്ന കാഴ്ചയാണ്‌ കേരളം കണ്ടത്‌. പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുന്നത്‌ സ്വാഭാവിക നടപടിയാണ്‌. ഗവർണറുടെ ലക്ഷ്യം കേസെടുപ്പിക്കലൊന്നുമല്ലെന്ന്‌ വ്യക്തം.

പ്രതിഷേധിക്കുന്ന കുട്ടികൾക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സംഘർഷം ഉണ്ടാക്കി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്‌ടലാക്കായിരുന്നു ഗവർണറുടെ പൊറാട്ട്‌ നാടകമെന്ന്‌ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും. ഗവർണറെപ്പോലുള്ള ഒരാൾ ഇത്തരം നാടകം കളിച്ചാൽ ഇന്ത്യയിലാകെയുള്ള മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം കിട്ടുമെന്ന്‌ കൗശലക്കാരനായ, ആർഎസ്‌എസിനുവേണ്ടി എന്ത്‌ നാണംകെട്ട പണിയും ചെയ്യാൻ മടിയില്ലാത്ത ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ നന്നായി അറിയാം. നിയമസഭയെയും കേരള ജനതയെയും നിരന്തരം അപമാനിക്കുന്ന ഗവർണർ ആരുടെ നിർദേശം അനുസരിച്ചാണ്‌ ഈ കോമാളിവേഷം കെട്ടുന്നതെന്ന്‌ ജനങ്ങൾക്ക്‌ മനസ്സിലാകും. എന്തായാലും ഒരു കാര്യം ഓർക്കുന്നത്‌ നല്ലതാണ്‌. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കേരളത്തിന്റെ ഗവർണറാണ്‌, തെരുവ്‌ ഗുണ്ടയല്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News