
എറണാകുളം: വായ്പത്തട്ടിപ്പിന്റെ വാർത്ത നൽകിയതിന് ദേശാഭിമാനി ലേഖകന് മർദനം. യുഡിഎഫ് നേതൃത്വത്തിലുള്ള ചേന്ദമംഗലം സഹകരണബാങ്കിലെ വായ്പത്തട്ടിപ്പിന്റെ വാർത്ത നൽകിയതിനാണ് മർദനം. ദേശാഭിമാനി പറവൂർ ലേഖകൻ വി ദിലീപ് കുമാറിനാണ് മർദനമേറ്റത്.
യുഡിഎഫ് നേതൃത്വത്തിലുള്ള ചേന്ദമംഗലം സഹകരണബാങ്കിൽ വായ്പത്തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വാർത്ത നൽകിയതിൻ്റെ വൈരാഗ്യത്തിലാണ് ദേശാഭിമാനി ലേഖകൻ ദിലീപ് കുമാറിനെ നാലംഗ സംഘം മർദിച്ചത്.
വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ ടി എസ് ഷൈബി, പി എസ് രാജേന്ദ്ര പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് ദിലീപ് കുമാർ പറഞ്ഞു. തലയ്‌ക്കും മുഖത്തും കഴുത്തിനും പരുക്കേറ്റ ദിലീപ്, പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചേന്ദമംഗലം സഹകരണ ബാങ്കിൽ സ്ഥലം പണയംവച്ച് അധികതുക ഈടാക്കി നടത്തിയ തട്ടിപ്പിൽ ഷൈബിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതെക്കുറിച്ച് വാർത്ത നൽകിയതാണ് മർദനത്തിന് കാരണമെന്ന് ദിലീപ് പറഞ്ഞു. വാർത്തയിൽ പേര് സൂചിപ്പിച്ചെന്നുപറഞ്ഞ് രാജേന്ദ്രപ്രസാദ് സമൂഹമാധ്യമത്തിലൂടെ നിരന്തരമായി ദിലീപിനെ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്‌തിരുന്നു.
ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകീട്ട് വടക്കൻ പറവൂർ പ്രസ് ക്ലബ്ബിന് താഴെയുള്ള കടയിൽ ചായ കുടിക്കാൻ പോകുന്നതിനിടെ ദിലീപിനെ ഇവർ മർദിച്ചത്.ദിലീപ് കുമാറിന്റെ പരാതിയിൽ നാലുപേർക്കെതിരെ പറവൂർ പോലീസ് കേസെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിലീപ് കുമാറിനെ മുതിർന്ന സിപിഐ എം നേതാവ് എസ് ശർമ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.
അതെ സമയം, പറവൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റായ ദിലീപ് കുമാറിനെ മർദിച്ചതിൽ പറവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here