കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടു

പഞ്ചാബിലെ സൈനിക കേന്ദ്രത്തിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് തിരിച്ചറിയാനാകാത്ത രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട നാല് ജവാന്മാരുടെ പേര് വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ജവാൻമാരായ സാഗർ, കമലേഷ് , സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പട്ടത്. മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേർ അക്രമണം നടത്തിയെന്നാണ് എഫ്ഐആർ പറയുന്നത്.

ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ പുലർച്ചെ 4:35 ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. 80 മീഡിയം റെജിമെന്റിലെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെ ദ്രുതകർമ്മസേന പ്രദേശം സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെടിവെപ്പിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പരുക്കോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പഞ്ചാബ് പൊലീസുമായി ചേർന്ന് അന്വേഷണം നടത്തി വരികയാണെന്നും സൈന്യം അറിയിച്ചു. രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ റൈഫിളിൽ നിന്നാണോ വെടിയുതിർത്തത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും സൈന്യം വ്യക്തമാക്കി.

അതേസമയം, ഭീകരാക്രമണമല്ലെന്നും പുറത്ത് നിന്നാരും നുഴഞ്ഞു കയറിയിട്ടില്ലെന്നുമാണ് പഞ്ചാബ് പൊലീസ് നൽകുന്ന വിവരം. സൈനിക ക്യാമ്പിലെ ആഭ്യന്തര പ്രശ്നം മൂലമുണ്ടായ വെടിവെയ്പ്പാകാമെന്നാണ് സൂചന. പ്രദേശത്ത് ശക്തമായ തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിർത്തി സംസ്ഥാനം എന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News