
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലുമായുള്ള വിവാഹമോചനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ വിശ്വാസവഞ്ചനയെയും ഗാർഹിക പീഡനത്തെയും കുറിച്ചുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കി നടിയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മ. ‘ദേഖാ ജി ദേഖാ മേനേ’ എന്ന പേരിലാണ് 3 മിനിറ്റുള്ള ഗാനം യൂടൂബിൽ റിലീസ് ചെയ്തത്. വ്യാഴാഴ്ച മുംബൈ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്.
ജാനി എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ, ഇഷ്‌വാക് സിങ്ങാണ് ധനശ്രീ വർമയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ഗാനത്തിൽ ഭർത്താവായി വരുന്ന കഥാപാത്രം ഭാര്യയെ തല്ലുന്നതിന്റെയും ചതിക്കുന്നതിന്റെയും ദൃശ്യങ്ങളും കാണാം.
ALSO READ; ‘ഒരു കോടി തന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’: വിവാദ പരാമര്‍ശവുമായി നടി സോന ഹെയ്ഡന്‍
വിവാഹമോചനം നടന്ന് മണിക്കൂറുകൾക്കകം മുൻ ഭർത്താവിനെ ലക്‌ഷ്യം വച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചക്ക് വഴിവച്ചു. ചഹലിനുള്ള ‘വിവാഹമോചന സമ്മാന’മാണോ ഇതെന്നാണ് ചിലർ ചോദിച്ചത്. 2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. എന്നാല്‍, 2022 ജൂണ്‍ മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു. ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമാണ് ചഹൽ. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപയാണ് ചഹൽ നൽകുന്നത്. വിവാഹ മോചനക്കേസുകളിലെ 6 മാസ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി തള്ളിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here