‘തല’പതി വിജയം; IPL കിരീടം വാങ്ങാൻ ജഡേജയെയും റായിഡുവിനെയും വിളിച്ച് ധോണി; കണ്ണ് നിറഞ്ഞ് ആരാധകർ

അഞ്ചാം ഐ.പി.എൽ കിരീടനേട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ഹൃദയം കവർന്ന് ചെന്നൈ നായകൻ എം.എസ് ധോണി. ക്യാപ്റ്റന്മാർ കിരീടം ഏറ്റുവാങ്ങുന്ന പതിവുരീതി സ്വീകരിക്കാതെയാണ് ധോണി ഇന്നലെ ഞെട്ടിച്ചത്. പകരം ടീമിനെ ത്രില്ലർ വിജയത്തിലേക്ക് നയിച്ച വിജയശിൽപികളെ കിരീടം ഏറ്റുവാങ്ങാൻ ക്ഷണിക്കുകയായിരുന്നു ധോണി. ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നിയിൽനിന്നും സെക്രട്ടറി ജയ് ഷായിൽനിന്നും ഐ.പി.എൽ കിരീടം ഏറ്റുവാങ്ങാൻ അവതാരകൻ ക്ഷണിച്ചപ്പോൾ ധോണി അംബാട്ടി റായുഡുവിനെയും രവീന്ദ്ര ജഡേജയെയും വിളിച്ച് തന്നോടൊപ്പം കിരീടം ഏറ്റുവാങ്ങാൻ താരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

ഇതോടൊപ്പം കൈവിട്ടുപോയ മത്സരത്തിൽനിന്ന് അസാധ്യ ഇന്നിങ്‌സിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച ചാംപ്യൻ ജഡേജയ്ക്കുകൂടിയുള്ള അംഗീകാരമായിരുന്നു ധോണിയുടെ നടപടി. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ട സമയത്ത് മോഹിത് ശർമയുടെ മികച്ച ബൗളിങ്ങിൽ തോൽവിയിലേക്ക് നീങ്ങിയ ടീമിനെയാണ് അവസാന രണ്ടു പന്തുകളിൽ സിക്‌സറും ഫോറും പറത്തി ജഡേജ വിജയത്തിലേക്ക് നയിച്ചത്. സീസണിലുടനീളം ബൗളിങ്ങിൽ പലഘട്ടത്തിൽ ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനു പക്ഷെ ഫൈനലിൽ പന്തുകൊണ്ട് തിളങ്ങാനായിരുന്നില്ല. നാല് ഓവറിൽ ഒരു വിക്കറ്റ് നേടിയെങ്കിലും പതിവിൽനിന്നു വിപരീതമായി 38 റൺസ് വഴങ്ങി. എന്നാൽ, നിർണായക നിമിഷത്തിൽ ടീമിനെ ബാറ്റിലൂടെ കൈപിടിച്ചുയർത്തുകയായിരുന്നു.

ടീമിൽ ജഡേജ അത്ര നല്ല നിലയിലല്ലെന്ന് വാർത്തകൾ വരുന്നതിനിടെയായിരുന്നു ഈ ഇന്നിങ്‌സ്. ഈ വിജയം നായകൻ ധോണിക്കു സമർപ്പിക്കുകയാണെന്ന് മത്സരശേഷം താരം പ്രഖ്യാപിക്കുകയും ചെയ്തു. ഫൈനലോടെ ഐ.പി.എൽ വിരമിക്കൽ പ്രഖ്യാപിച്ച റായുഡുവിനും ഏറ്റവും ഉചിതമായൊരു ആദരം നൽകുകയായിരുന്നു ധോണി. മുംബൈയിലൂടെ അരങ്ങേറ്റം കുറിച്ച റായുഡു ചെന്നെയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു പിന്നീട്. ഇരുടീമുകൾക്കുമായി 204 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. താരങ്ങൾ കിരീടവുമായി ആഘോഷം തുടരുമ്പോഴും ധോണി കൂട്ടത്തിലുണ്ടായിരുന്നില്ല. ഗ്രൗണ്ടിലൂടെ ഒറ്റയ്ക്ക് വലംവച്ച് ആരാധകർക്ക് അഭിവാദ്യമർപ്പിക്കുകയും നന്ദിപ്രകടനം നടത്തുകയും ചെയ്തു അദ്ദേഹം. അതോടൊപ്പം ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും താരം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News