
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ദർ 2’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗം വലിയ വിജയം നേടിയതിന് പിന്നാലെ എത്തിയ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ മുന്നേറുമ്പോഴാണ് ചിത്രത്തിലെ രാഷ്ട്രീയത്തെയും നിർമ്മാണ രീതിയെയും വിമർശിച്ച് ധ്രുവ് രംഗത്തെത്തിയത്. സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനാണെന്നും രണ്ടാം ഭാഗത്തിൽ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാണെന്നുമാണ് ധ്രുവ് റാഠി എക്‌സിൽ കുറിച്ചത്.
“ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകൻ എന്നാണ് മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചത്. ഇപ്പോൾ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തിൽ പ്രൊപ്പഗാണ്ട അതിസൂക്ഷ്മമായിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതൽ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെൽ മെയ്ഡ് പ്രൊപ്പഗാണ്ട കൂടുതൽ അപകടകരമാണെന്ന് മുൻപ് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? എന്നാൽ ഇത്തവണ അത് വെൽ മെയ്ഡ് പോലും അല്ല,” എന്നായിരുന്നു ധ്രുവ് റാഠിയുടെ പരിഹാസം നിറഞ്ഞ പോസ്റ്റ്.
നേരത്തെ ‘ധുരന്ദർ’ ഒന്നാം ഭാഗത്തിന്റെ റിലീസിന് പിന്നാലെയും ചിത്രത്തിനെ വിമർശിച്ച് ധ്രുവ് റാഠി എത്തിയിരുന്നു. വളരെ മികച്ച രീതിയിൽ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും, ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ആയിരുന്നു അന്ന് ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

