
പവന് 1,12,960 രൂപയും ഗ്രാമിന് 14,120 രൂപയെന്ന നിരക്കിലാണ് ആഗോളവിപണിയിൽ ഇന്ന് സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇത്തരത്തിലുള്ള ചാഞ്ചാട്ടം സ്വർണത്തിൽ നിക്ഷേപം നടത്തിയവരെയും അതിനായി പദ്ധതിയിട്ടവരെ ചെറിയരീതിയില്ലെങ്കിലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉചിതമായ സമയമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപിക്കുന്നവർക്ക് വൻലാഭമാണ് ഉണ്ടാകാൻ പോകുന്നത്. എപ്പോൾ വേണമെങ്കിലം പണമാക്കാവുന്ന ഗോൾഡ് എക്സ്‍ചേഞ്ച് ട്രേഡ് ഫണ്ടുകളും (ഇഡിഎഫ്) പ്രതിവർഷം പലിശയും നികുതിയും ആനുകൂല്യങ്ങളും ലഭിക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളും (എസ്ജിബി) ഇപ്പോൾ ലഭ്യമാണ്. ഈ മാസം നിലവിൽ വന്ന പുതിയ നികുതി നിയമങ്ങൾ മനസിലാക്കി നിക്ഷേപങ്ങൾ നടത്തിയാൽ മികച്ച ലാഭം നേടാവുന്നതാണ്. ഇഡിഎഫാണോ എസ്ജിബി ആണോ മികച്ചതെന്ന് പരിശോധിക്കാം.
also read: ഇന്ന് സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്? കുതിപ്പോ, കിതപ്പോ?
സോവറിൻ ഗോൾഡ് ബോണ്ടുകൾ
നിക്ഷേപത്തിൽ എട്ട് വർഷം വരെ കാത്തിരിക്കാൻ തയ്യാറുള്ളവർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകൾ എറെ ഗുണം ചെയ്യും. നിക്ഷേപകർക്ക് പ്രതിവർഷം രണ്ടര ശതമാനം പലിശ ലഭിക്കും. ഇത് വർഷത്തിൽ രണ്ടുതവണയായിട്ടാണ് നൽകുക. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് ഒരു ഗ്രാം മുതൽ നാല് കിലോഗ്രാം ഡിജിറ്റൽ സ്വർണം നിക്ഷേപിക്കാനുന്നതാണ്. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. സ്വർണം സൂക്ഷിക്കുന്നതിനെ ബുദ്ധിമുട്ട്, പണിക്കൂലിയിലെ വ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ സോവറിൻ ഗോൾഡ് ബോണ്ടിലുണ്ടാകില്ല.
ഗോൾഡ് ഇടിഎഫുകൾ
സ്വർണം കൈയിൽ സൂക്ഷിക്കാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി ഡിജിറ്റൽ രൂപത്തിലാക്കി നിക്ഷേപിക്കാൻ സാധിക്കുന്നവയാണ് ഗോൾഡ് ഇടിഎഫുകൾ.ഓഹരികൾ വാങ്ങുന്ന പോലെ എളുപ്പത്തിൽ കൈമാറ്റം ചെയ്യാനും ഇതിലൂടെ സാധിക്കും. അനുയോജ്യമായ സമയം കണ്ടെത്തി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇടിഎഫുകൾ വിറ്റ് കാശാക്കാവുന്നതാണ്. ഓരോ യൂണിറ്റും 99.5 ശതമാനം ശുദ്ധമായ സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്നു.
കുറഞ്ഞ ചെലവ്, സ്വർണവിലയിലെ നേരിട്ടുള്ള പങ്കാളിത്തം തുടങ്ങിയവ ഗോൾഡ് ഇടിഎഫിന്റെ പ്രധാന ഗുണങ്ങളാണ്. ഗോൾഡ് ഇടിഎഫ് നിക്ഷേപത്തിന് ഒരു ഡിമാന്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആവശ്യമാണ്. സ്വർണവില വർദ്ധിക്കുമ്പോൾ ഇടിഎഫ് യൂണിറ്റുകളുടെ വിലയും വർദ്ധിക്കുന്നു. ഇത് വിൽക്കുമ്പോൾ നിക്ഷേപകർക്ക് ലാഭം ലഭിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് ശരാശരി 10 ശതമാനം വരെ വാർഷിക റിട്ടേണും ലഭിക്കാറുണ്ട്. യഥാർത്ഥ സ്വർണം വാങ്ങി സൂക്ഷിക്കാൻ താൽപര്യമില്ലാത്തവർക്ക് ഗോൾഡ് ഇടിഎഫുകൾ മികച്ചൊരു ഓപ്ഷനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

