
ദുൽഖർ സൽമാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായിരുന്നു ‘സോളോ’. ബിജോയ് നമ്പ്യാർ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. സിനിമാസ്വാദകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബിജോയ് നമ്പ്യാർ.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചിൽ. ‘സോളോ’യുടെ പരാജയം വേദനിപ്പിച്ചെന്നും പിന്നീട് ഒരു മലയാള സിനിമ ചെയ്യാത്തതിന്റെ കാരണം ആ പരാജയമാണെന്നും ആണ് ബിജോയ് പറഞ്ഞത്. ‘എന്റെ പക്കല്‍ മൂന്ന് കഥകളേ ഉണ്ടായിരുന്നുള്ളൂ, ദുൽഖറിന് ‘സോളോ’ ഇഷ്ടമായി. അദ്ദേഹമാണ് തമിഴിലും മലയാളത്തിലും ചെയ്യാമെന്ന് നിര്‍ദ്ദേശിക്കുന്നത്.
അന്ന് സോഷ്യല്‍ മീഡിയ ഇന്നത്തേത് പോലെ സജീവമായിരുന്നില്ല. സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി കൃത്യമായി സംവദിക്കാൻ അതിനാൽ കഴിഞ്ഞില്ല. നാല് കഥയാണെന്നും നാല് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ദുല്‍ഖര്‍ വരുന്നത് എന്നൊന്നും പറയാനായില്ല. ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ് പ്രേക്ഷകർ കരുതിയത്’, ബിജോയ് നമ്പ്യാർ പറഞ്ഞു.
ബോക്‌സ് ഓഫീസിൽ ചിത്രം വിജയമാകാത്തത് നിരാശപ്പെടുത്തിയെന്നും എന്നാലിന്ന് ഒരുപാട് സ്‌നേഹത്തോടെ ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പരീക്ഷണമാണ് തങ്ങളന്ന് നടത്തിയതെന്നും ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് ഒപ്പം നിന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു ‘സോളോ’ എന്നും വീണ്ടുമൊരു മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം ‘സോളോ’യില്‍ നിന്നുണ്ടായ ഹൃദയവേദനയാണ് എന്നും ബിജോയുടെ വാക്കുകൾ.
വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ‘സോളോ’. ധൻസിക, നേഹ ശർമ്മ, നാസർ, സുഹാസിനി, മനോജ് കെ ജയൻ, സൗബിൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു. എബ്രഹാം മാത്യു, ഷെരീഷ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബിജോയ് നമ്പ്യാർ എന്നിവർ ചേർന്നായിരുന്നു നിർമാണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

