
കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ നിരീക്ഷിക്കുന്നതിനുള്ള റഡാർ സംവിധാനങ്ങളുടെ അപര്യാതത വെളിപ്പെടുത്തി കേന്ദ്രസർക്കാർ. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ തുറന്നുപറച്ചിൽ. സംസ്ഥാനത്തെ രണ്ട് റഡാർ സംവിധാനങ്ങളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായി ഉള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിൽ പ്രകൃതിദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ നിരീക്ഷിക്കുന്നതിലെയും കേന്ദ്രസർക്കാരിന്‍റെ നിസംഗത തുറന്നുകാട്ടുന്നതാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മറുപടി. സംസ്ഥാനം ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾ നേരിട്ടിട്ടും ഇവ നിരീക്ഷിക്കുവാനുള്ള റഡാർ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ തുറന്നുപറച്ചിൽ.
അതിതീവ്രമഴയും ചുഴലിക്കാറ്റു ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്കു സാധ്യതയുള്ള സംസ്ഥാനമായിട്ടുപോലും കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി ആകെയുള്ളത് രണ്ടു ഡോപ്ലർ റഡാർ സംവിധാനങ്ങളാണെന്ന് കേന്ദ്രം വ്യക്തമാക്കി. നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുമാസമായി കൊച്ചിയിലെ റഡാർ പ്രവർത്തനരഹിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതോടെ സംസ്ഥാനം ആശ്രയിക്കുന്നത് 250 കിലോമീറ്റർ മാത്രം കവറേജുള്ള തിരവനന്തപുരത്തെ സി.ബാൻഡ് റഡാറിനെയാണ്.
വയനാട് ഉൾപ്പെടെയുള്ള ദുരന്തസാധ്യത മേഖലകൾ കഴിഞ്ഞ മൂന്നു മാസക്കാലമായി റഡാർ നിരീക്ഷണത്തിന് പുറത്താണെന്നും കേന്ദ്രം മറുപടിനൽകി. അതേസമയം, റഡാർ സംവിധാനത്തിന്റെ അപര്യാപ്തതയെ ന്യായീകരിച്ച കേന്ദ്രസർക്കാർ കഴിഞ്ഞ മൂന്ന് മാസക്കാലമായി കേരളത്തിൽ മോശമല്ലാത്ത കാലവസ്ഥയായിരുന്നെന്ന വിചിത്ര വാദമുയർത്തി. അതേസമയം കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടായ ഘട്ടത്തിൽ ഒക്കെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അവകാശവാദം കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here