
അഹമ്മദാബാദിൽ രാജ്യത്തെ ഞടുക്കിയ വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ പവിത്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ കുറ്റം ചുമത്തി ഹോസ്ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാതീയ അധിക്ഷേപം നടത്തി സമൂഹത്തിൽ ശത്രുത വളർത്തുക, സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അവഹേളിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താലൂക്ക് ഓഫീസിലേക്ക് ഇയാൾ മദ്യപിച്ചാണ് എത്തിയതെന്നും വൈദ്യ പരിശോധനയിൽ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.
ALSO READ; പുറത്താക്കിയ ഡ്രൈവറെ അനുമതിയില്ലാതെ തിരിച്ചെടുത്തു; കെഎസ്ആർടിസി പത്തനാപുരം എ ടി ഓയെ സസ്പെൻഡ് ചെയ്തു
അതേസമയം, എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ സർക്കാറിന് ശുപാർശ നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് നിരവധി മുന്നറിയിപ്പുകളും താക്കീതുകളും ഇയാൾക്ക് നല്‍കിയിട്ടുണ്ട്. നിരവധി നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലാണ് പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം എന്ന ശുപാർശ ജില്ലാ കളക്ടർ സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയത്. ഹീനമായ നടപടിയെന്ന് മന്ത്രി കെ രാജനും മനുഷ്യത്വരഹിത നടപടി എന്ന് മന്ത്രി വീണാ ജോര്‍ജും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here