
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിന്‍റെ അഭിനന്ദിച്ച ദിവ്യ എസ് അയ്യർക്ക് നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത ദുരനുഭവം. സ്വന്തം നേതാവിന്‍റെ ഭാര്യ ആയിരുന്നിട്ടും, ഒരു മയവുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ദിവ്യ എസ് അയ്യരെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേക്കാലമായി തനിക്ക് കയ്പേറിയ അനുഭവങ്ങളുണ്ടാകുന്നതിന്‍റെ കാരണം ദിവ്യ എസ് അയ്യർ തന്ന വെളിപ്പെടുത്തുകയുണ്ടായി. ദിവ്യയുടെ വാക്കുകളിലേക്ക്…
‘കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി വളരെ രൂക്ഷമായ വാക്കുകളിലുള്ള പ്രതികരണവും കയ്പ്പേറിയ അനുഭവങ്ങളുമൊക്കെ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് എന്തിനാണെന്നോ? ഞാൻ എന്‍റെ അനുഭവത്തിലൂടെ ഉത്തമ ബോധ്യത്തിൽ,എന്‍റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്ന് ഞാൻ ലോകത്തോട് വിളിച്ചുപറഞ്ഞു എന്നതുകൊണ്ടാണ്’.
വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന സമയത്ത് ദിവ്യ എസ് അയ്യർ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. അത് ഇങ്ങനെയാണ്,’വൻകിട പദ്ധതികളെല്ലാം തന്നെ കടലാസിൽ ഒതുങ്ങുന്ന കാലം കേരളജനത മറന്നിരിക്കുകയാണെന്ന് പറയാൻ സാധിക്കും. അസാധ്യമായി തോന്നിപ്പിക്കുന്ന അനേകം ബൃഹത് പദ്ധതികളെ യാഥാർഥ്യമാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാർഗനിർദേശവുമൊക്കെ നമുക്ക് ഒരു മാതൃകയാണെന്ന് എടുത്തുപറയേണ്ടുന്നതാണ്’.
മറ്റൊരു അവസരത്തിൽ ദിവ്യ മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ‘എനിക്ക് വലിയൊരു ശക്തിയും ധൈര്യവുമാണ് അദ്ദേഹമെന്ന് മറ്റൊരു അവസരത്തിൽ ദിവ്യ എസ് അയ്യർ പിണറായി വിജയനെക്കുറിച്ച് പറഞ്ഞത്. എപ്പോഴും എല്ലാ കാര്യങ്ങളിലും വളരെ ദീർഘവീക്ഷണത്തോടുകൂടി ഉപദേശങ്ങൾ നൽകുന്ന ഒരു വ്യക്തിയായിട്ടാണ് പിണറായി വിജയൻ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്’. നമ്മൾ ചെയ്യുന്ന കാര്യം ജനഹിതത്തിനൊപ്പം നിൽക്കുന്നതാണെന്ന് തെളിയുമ്പോൾ, വലിയ പിന്തുണയാണ് പിണറായി നൽകിയിട്ടുള്ളതെന്നും ദിവ്യ എസ് അയ്യർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

