
ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. സ്ഥാപനത്തിലെ പണം കവര്‍ന്നെന്ന കൃഷ്ണകുമാറിന്റെ പരാതിയില്‍ മൂന്ന് വനിതാ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തു. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ദിയയും കുടുംബവും തങ്ങളെ ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരികള്‍ പറഞ്ഞു. അതേസമയം തനിക്കെതിരായ പരാതി വ്യാജമെന്ന് ആരോപിച്ച് ദിയ രംഗത്ത് വന്നു.
ALSO READ: ഇടുക്കിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഒസിയിലെ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതേ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൃഷ്ണകുമാറും സംഘവും തങ്ങളെ തട്ടിക്കൊണ്ട് പോയെന്നും പണം ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. 8,82,000 രൂപ കൃഷ്ണകുമാറിന് നല്‍കി. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം ദിയയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാന്‍ പറഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു.
പെണ്‍കുട്ടികളുടെ പരാതിയില്‍ തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
ALSO READ: ഇടുക്കിയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറുടെ കടയില്‍ കഞ്ചാവ്
അതേസമയം ജീവനക്കാരുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്നായിരുന്നു ദിയയുടെ മറുപടി. ഇരുകൂട്ടരുടെയും പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്. സംഭവത്തില്‍ കോടതിയെ സമീപിക്കാനാണ് പെണ്‍കുട്ടികളുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

