
മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ഡി എം കെ എം പിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തീര്‍ത്തു. ഡിലിമിറ്റേഷനെതിരായ മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു പാര്‍ലമെന്റിനുളളില്‍ ഡി എം കെ. എം പിമാരുടെ പ്രതിഷേധം. എന്നാല്‍ ചട്ടലംഘനമാണ് എം പിമാര്‍ നടത്തിയതെന്നാരോപിച്ച സഭാധ്യക്ഷന്മാര്‍ നടപടികള്‍ നിര്‍ത്തിവച്ചു.
പുനര്‍ നിര്‍ണയത്തിനെതിരെ തമിഴ്നാട് പൊരുതും എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഡി എം കെ പ്രതിഷേധം. മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് ഡി എം കെ എം പിമാര്‍ രാജ്യസഭയിലും ലോക്സഭയിലും എത്തിയത്. എന്നാല്‍ എം പിമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ഇരുസഭകളിലെയും അധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും വഴങ്ങിയില്ല. സഭയോടുളള അന്തസ്സും ബഹുമാനവും അംഗങ്ങള്‍ പുലര്‍ത്തണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതികരിച്ചതോടെ പ്രതിഷേധം ശക്തമായി.
Read Also: വിപണി ഇടപെടല്‍; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
രാജ്യസഭയും ലോക്സഭയും രണ്ട് മണി വരെ നിര്‍ത്തിവച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ വിവിധകക്ഷി നേതാക്കളുടെ യോഗവും വിളിച്ചുചേര്‍ത്തു. എന്നാല്‍, പാര്‍ലമെന്റില്‍ ബി ജെ പിയും സമാനമായി പ്രതിഷേധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം പ്രതിഷേധിക്കുമ്പോള്‍ മാത്രം അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ഡി എം കെ അംഗം കനിമൊഴി ചോദിച്ചു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ ഇടത് എം പിമാരും ഭാഗമായിരുന്നു. വരുംദിവസങ്ങളിലും മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here