പൊന്നാനിയിലെ നവകേരള സദസില്‍ ഡോക്‌ടര്‍ സുല്‍ഫത്തും; എത്തിയത് സ്വപ്‌നനേട്ടത്തിന് കരുത്തേകിയ സര്‍ക്കാരിന് നന്ദി പറയാന്‍

പൊന്നാനിയിലെ നവകേരള സദസിന്‍റെ ഭാഗയമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുക്കാന്‍ ഡോക്‌ടര്‍ സുല്‍ഫത്തും എത്തിയിരുന്നു. സ്വപ്‌നസാക്ഷാത്‌കാരത്തിന് കൂടെ നിന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് നന്ദി പറയാനായിരുന്നു സുല്‍ഫത്ത് വന്നത്. പൊന്നാനി തീരദേശത്താണ് സുൽഫത്ത്‌ ജനിച്ചുവളർന്നത്. മത്സ്യത്തൊഴിലാളിയായ ലത്തീഫിന്‍റേയും ലൈലയുടേയും മക‍ളാണ്.

പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ ഈ മിടുക്കി പ്ലസ്‌ടുവിന്‌ ഉന്നത വിജയം സ്വന്തമാക്കിയിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജില്‍ പ്രവേശനം നേടിയെങ്കിലും 11 ലക്ഷമെന്ന ഭീമമായ വാർഷിക ഫീസ് സുൽഫത്തിന്റെ സ്വപ്‌നങ്ങൾക്ക് തടസമായി. ഇതോടെ, അന്നത്തെ പൊന്നാനി എം.എൽ.എ പി ശ്രീരാമകൃഷ്‌ണൻ വിഷയത്തിൽ ഇടപെട്ടു.

ALSO READ | താനൂരിലും ഹിറ്റായി നവകേരള സദസ്; എത്തിയത് പ്രതീക്ഷിച്ചതിലും അധികം ജനം, മൂന്നിരട്ടി ആളുകള്‍ പന്തലിന് പുറത്ത്

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫിഷറീസ്, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു. മുഴുവൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും ആനുകൂല്യം നൽകുന്ന ഉത്തരവ്‌ ഒന്നര മണിക്കൂറിനുള്ളിൽ സർക്കാർ പുറത്തിറക്കുകയും ഇത് സുല്‍ഫത്തിന്‍റെയടക്കമുള്ള അനേകം വിദ്യാര്‍ഥികളുടെ സ്വപ്‌നത്തിലേക്ക് വ‍ഴിതെളിയിക്കുകയായിരുന്നു. സുല്‍ഫത്തിന്‍റെ സ്വപ്‌നനേട്ടവും സര്‍ക്കാരിന്‍റെ ഇടപെടലും വ്യക്തമാക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് മന്ത്രി പി രാജീവ് പങ്കുവച്ചിട്ടുണ്ട്.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്ന് നവകേരള സദസിന്റെ പ്രഭാതപരിപാടിയിൽ പങ്കെടുത്ത ഡോക്ടർ സുൽഫത്തിനെ മലപ്പുറത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. പൊന്നാനി തീരദേശത്ത് ജനിച്ചുവളർന്ന സുൽഫത്ത്‌ ഡോക്ടറായപ്പോൾ സന്തോഷിച്ചത് മത്സ്യത്തൊഴിലാളിയായ പിതാവ് ലത്തീഫും മാതാവ് ലൈലയും മാത്രമായിരുന്നില്ല ഈ നാടൊന്നാകെയായിരുന്നു.
പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ സുൽഫത്ത്‌ പ്ലസ്ടുവിന്‌ ഉന്നത വിജയം നേടി മെഡിക്കൽ പ്രവേശന പരീക്ഷയിൽ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലേക്ക് പ്രവേശനം നേടി. അപ്പൊഴാണ് 11 ലക്ഷമെന്ന ഭീമമായ വാർഷിക ഫീസ്‌ സുൽഫത്തിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായത്.

പക്ഷേ കാലതാമസമൊട്ടുമില്ലാതെ അന്നത്തെ പൊന്നാനി എംഎൽഎ ആയിരുന്ന പി ശ്രീരാമകൃഷ്‌ണൻ വിഷയത്തിൽ ഇടപെട്ടു. മത്സ്യത്തൊഴിലാളികളിലെ എസ്‌സി വിദ്യാർഥികൾക്ക് മാത്രം ലഭിച്ചിരുന്ന ആനുകൂല്യം സുൽഫത്തിനും സുൽഫത്തിനെപ്പോലുള്ള നിരവധിയാളുകൾക്കും ലഭിക്കും വിധത്തിൽ മാറ്റിയെഴുതപ്പെട്ടു. ഫിഷറീസ്, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തുകൊണ്ട് മുഴുവൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും അനുകൂല്യം നൽകുന്ന ഉത്തരവ്‌ ഒന്നര മണിക്കൂറിനുള്ളിൽ സർക്കാർ പുറത്തിറക്കി.

സുൽഫത്തിനെ മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയിലെ എല്ലാ വിദ്യാർഥികളേയും ചേർത്തുപിടിച്ചുകൊണ്ടുള്ള ഈ സർക്കാർ ഇടപെടലിലൂടെ സുൽഫത്ത്‌ ഡോക്ടർ സുൽഫത്തായി. ഇതിൽ സർക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കാൻ കൂടി ഇന്നത്തെ വേദി സുൽഫത്ത് ഉപയോഗിച്ചു. ഒപ്പം മറ്റുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഡോക്ടറാകാനുള്ള സ്വപ്നങ്ങൾക്ക് ചിറക് നൽകിയ സർക്കാരിന്റെ ഇച്ഛാശക്തിക്ക് അഭിവാദ്യങ്ങളർപ്പിക്കാനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News