മോദിയുടെ ദുഃഖപ്രകടനത്തിൽ മായുന്നതാണോ ഒഡിഷ ദുരന്തത്തിന്റെ കളങ്കം?

ജി.ആർ വെങ്കിടേശ്വരൻ

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണം മൂന്നൂറോടടുക്കുകയാണ്. കൂട്ടിയിട്ട മൃതദേഹങ്ങളിൽ പലതും ഇപ്പോഴും അനാഥം. ഉറ്റവരേത് ഉടയവരേത് എന്ന് പോലും അറിയാതെ, നിരവധി അച്ഛനമ്മമാർ ആ മൃതദേഹങ്ങൾക്കിടയിൽ തങ്ങളുടെ മക്കളെ തപ്പിനടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. അവരെല്ലാം ഭൂരിഭാഗവും പാവപ്പെട്ടവർ. കടം വാങ്ങിയും മറ്റും ദുരന്തമുഖത്തെത്തി വേണ്ടപ്പെട്ടവരെ തിരയുന്നവർ.

രാജ്യത്തെ നടുക്കിയ ഈ മഹാദുരന്തം മോദി സർക്കാരിനെതിരെ നിലവിലുള്ള ചോദ്യചിഹ്നങ്ങളെ കൂടുതൽ വലുതാക്കുകയാണ്. എന്തുണ്ടായാലും മഹാമൗനം മാത്രം കൊണ്ടുനടക്കുന്ന മോദി പതിവുപോലെ ഈ ദുരന്തത്തിലും അനുശോചനം അറിയിക്കുകയും ഫോട്ടോഷൂട്ട് നാടകം നടത്തുകയും ചെയ്തു. എന്നാൽ ഈ ദുരന്തം, രാജ്യത്ത് ഭരണകൂടം ആർക്കാണ് കൂടുതൽ പ്രിവിലേജ് നൽകുന്നത് എന്നും ആർക്കാണ് കൂടുതൽ മുൻഗണന കൊടുക്കുന്നത് എന്നുമുള്ള ചോദ്യത്തിനും കൂടുതൽ ശക്തിപകരുകയാണ്.

അപകടത്തിന് കാരണം റെയിൽവേയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് എന്നതിൻ്റെ തെളിവുകൾ പുറത്തു വന്ന് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധമടക്കമുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പഴി ഉദ്യോഗസ്ഥരുടെ മേൽ ചാരുന്നതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഇത്തരം വിമർശനങ്ങളും ചർച്ചകളും വ്യാപകമായി നടക്കുകയാണ്.

സ്വകാര്യവത്കരണം പൂർത്തിയാക്കാനുള്ള തിടുക്കത്തിന്റെ പകുതിയെങ്കിലും റെയിൽവെ തങ്ങളുടെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ കാണിച്ചിരുന്നെങ്കിൽ ആ ട്രെയിൻ തീർച്ചയായും മദ്രാസിൽ എത്തുമായിരുന്നു. എന്നാൽ പാവപ്പെട്ടവനും പണക്കാരനും രണ്ട് നീതിയെന്ന റെയിൽവെ നയം കുരുതികൊടുത്തത് മുന്നൂറോളം ജീവനുകളെയാണ്.

2017 – 2021 കാലഘട്ടത്തിലെ CAG യുടെ റിപ്പോർട്ട് റെയിൽവെ അടിസ്ഥാനസൗകര്യവികസനം എത്രത്തോളം യാഥാർഥ്യമായി എന്ന കണക്ക് നമുക്ക് മുൻപിൽ വെക്കുന്നുണ്ട്. റിപ്പോർട്ട് പ്രകാരം റെയിൽവെ സുരക്ഷാ ഫണ്ടിൽനിന്ന് അടിസ്ഥാനസൗകര്യവികസനത്തിന് ചിലവാക്കുന്ന പണത്തിൽ ഗണ്യമായ കുറവ് പ്രകടമാണ്. രാജ്യത്തെ ഏറ്റവും തിരക്കുളള റെയിൽവെ സെക്ഷനായ പടിഞ്ഞാറൻ റെയിൽവെയിൽപോലും നാമമാത്രമായ വികസനമേ നടന്നിട്ടുള്ളൂ. അപ്പോൾ മറ്റ് സ്ഥലങ്ങൾ നമുക്ക് ഊഹിക്കാമല്ലോ.

ഇത്തരത്തിലുള്ള വീഴ്ചകൾ രാജ്യത്ത് ആർക്കാണ്, എന്തിനാണ് മുൻഗണന എന്ന ചോദ്യത്തിന് കൂടുതൽ ഇന്ധനം പകരുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം ട്രെയിൻ യാത്രക്കാരും ആശ്രയിക്കുന്ന സ്ലീപ്പർ, ജനറൽ ക്ലാസുകൾ നിർത്തലാക്കി, മുഴുവൻ എ.സി ട്രെയിനുകൾ അവതരിപ്പിക്കുന്ന മനോഭാവം കേന്ദ്രസർക്കാർ ആർക്ക് മുൻഗണന കൊടുക്കുന്നു എന്നതിനുദാഹരണമാണ്. കൊവിഡിന് ശേഷം അത്തരത്തിൽ നിരവധി ട്രെയിനുകളിലാണ് ജനറൽ, സ്ലീപ്പർ കംപാർട്മെന്റുകൾ റെയിൽവെ വെട്ടിക്കുറച്ചത്. യാത്രക്കാർ എ.സി കൂടുതൽ തെരഞ്ഞെടുക്കുന്നു എന്ന വാദമാണ് അന്ന് റെയിൽവെ മുന്നോട്ടുവെച്ചത്. ഈ വാദം നുണയെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കോറോമണ്ഡൽ എക്സ്പ്രസ്സ്. മിനിട്ടിന് മിനുട്ട് ഫ്ലെക്സി നിരക്ക് എന്ന പേരിൽ യാത്രക്കാരുടെ പോക്കറ്റ് പിഴിയുന്ന റയിൽവേക്ക് എന്തുകൊണ്ട് പാവപ്പെട്ടവരുടെ സുരക്ഷ നോക്കിക്കാണാനാകുന്നില്ല എന്ന ചോദ്യവും ഇതിനോടൊപ്പം കൂട്ടിച്ചേർക്കണം.

ഡോ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ലഭിച്ച കണക്കുവിവരങ്ങൾ ഇങ്ങനെയാണ്. ക‍ഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫ്ലക്സി നിരക്ക്, തത്കാൽ, പ്രീമിയം തത്കാൽ എന്നീ ഇനങ്ങളിൽ 12,128 കോടി രൂപയാണ് റെയിൽവേ അധികമായി സമാഹരിച്ചത്. ഫ്ലക്സിയിൽ നിന്ന് മാത്രം 3,792 കോടി അധികവരുമാനമുണ്ടാക്കി. തത്കാലിൽനിന്ന് 5,937 കോടിയും പ്രീമിയം തത്കാലിൽനിന്ന് 2,399 കോടിയും വരുമാനമുണ്ടാക്കി.

എന്നിട്ടും സാധാരണക്കാരുടെ യാത്രാദുരിത്തിന് യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല എന്നതാണ് ഇതെല്ലം ആർക്ക് വേണ്ടിയാണ് ചെയ്തത് എന്ന ചോദ്യത്തെ കൂടുതൽ ശക്തമാകുന്നത്. ഇത്തരത്തിൽ തിങ്ങിനിറഞ്ഞ ജനറൽ കംപാർട്മെന്റുകൾക്ക് ഭൂരിപക്ഷമുള്ള ഒരു നാട്ടിലാണ് അവയ്ക്ക് പരിഹാരം കാണാതെ മോദി വന്ദേഭാരത്തിന് പച്ചക്കൊടി കാണിക്കുന്നത്. റെയിൽവെ വികസനം എന്നാൽ അപ്പർ ക്ലാസ് ജനങ്ങൾക്ക് മാത്രമെന്ന മുതലാളിത്ത ചിന്തയെ ഒരു അനുശോചനം കൊണ്ടൊന്നും മോദിക്കും സംഘത്തിനും മറികടക്കാൻ കഴിയില്ല.

രാജ്യത്തെ പാർലമെന്റ് ഉദ്‌ഘാടിക്കാൻ വന്ന സന്യാസിവര്യന്മാർക്ക് പ്രത്യേക ചാർട്ടേർഡ് വിമാനങ്ങൾ നൽകുന്ന മോദിഫൈഡ് നാട്ടിൽ പാവപ്പെട്ടവരുടെ കാര്യങ്ങൾ പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല എന്നറിയാം. സൈനികരെ കൊലയ്ക്കുകൊടുത്തതെന്ന സത്യപാൽ മാലിക്കിന്റെ പ്രസ്താവനയിൽ ധാർമികമായ ഉത്തരവാദിത്വ മര്യാദ പോലും പ്രകടിപ്പിക്കാതെ മൗനം പാലിച്ച പ്രധാനമന്ത്രി, രാജ്യത്തെ ഗുസ്തി താരങ്ങൾ തെരുവിൽ സമരം ചെയ്യുമ്പോൾ പോലും ഒരക്ഷരം മിണ്ടിയിട്ടില്ല. യു.പിയിലെ ക്രിമിനൽ നെക്സസിനെ തൊട്ടാൽ യോഗി പോലും തനിക്ക് എതിരാകും എന്ന് മോദിക്കറിയാം. അത്തരത്തിൽ എവിടെയെല്ലാം അടിസ്ഥാനവർഗം പ്രതിസന്ധിയിലായിട്ടുണ്ടോ അവിടെയെല്ലാം മോദി മൗനം പാലിച്ച ചരിത്രമേയുള്ളൂ.

ഒഡിഷ ട്രെയിൻ ദുരന്തം മോദി സർക്കാരിന്റെ കോർപ്പറേറ്റ് വികസനകാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും അടിസ്ഥാനസൗകര്യങ്ങൾ മാത്രം വിനിയോഗിക്കുന്ന ഒരു നാട്ടിൽ റെയിൽവെ സ്വകാര്യവത്ക്കരണവും പ്രീമിയം വികസനവും മാത്രം കൈക്കൊള്ളുന്ന ക്യാപ്പിറ്റലിസ്റ് മനോഭാവത്തിന് കിട്ടിയ തിരിച്ചടിയാണ് ഈ ദുരന്തം. രാജ്യത്തെ പാവപ്പെട്ടവരോട് സർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ തുടർച്ച കൂടിയാണത്. ഒരു അനുശോചനത്തിൽ മായുന്നതല്ല ഈ ദുരന്തം ഏർപ്പെടുത്തിയ കളങ്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel