
അടുക്കളയിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കത്തിയുടെ മൂർച്ചക്കുറവ്. പച്ചക്കറികളും മീനും ഇറച്ചിയും മുറിക്കുന്നത് മുതൽ ഏതൊരു ചെറിയ സാധനം അരിയാനും കത്തി നിർബന്ധമാണ്. എന്നാൽ മൂർച്ചയില്ലാത്ത കത്തി ഈ പണികളെല്ലാം ഇരട്ടിയാക്കും. കത്തിയുടെ മൂർച്ച പെട്ടെന്ന് കുറയാൻ എന്താകും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ കരുതുന്നത് പോലെ വെള്ളം തട്ടുമ്പോൾ മാത്രമല്ല കത്തിയുടെ മൂർച്ച കുറയുന്നത്. അതിന് വേറെയും ചില കാരണങ്ങളുണ്ട്.
എല്ലാ കാര്യങ്ങൾക്കും നിങ്ങൾ ഒരേ കത്തിയാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നിങ്ങളുടെ കത്തിയുടെ ആയുസ്സ് പെട്ടെന്ന് കുറക്കും. കട്ടികൂടിയ സാധങ്ങൾ മുറിക്കാനും നേരിയ സാധനങ്ങൾ മുറിക്കാനും ഒരു കത്തി ഉപയോഗിക്കരുത്. വില കുറഞ്ഞ സ്റ്റീൽ കൊണ്ടുണ്ടാക്കുന്ന കത്തികളും വാങ്ങിക്കരുത്. ഈ കത്തികൾ വാങ്ങിയ ഉടനെ നല്ല മൂർച്ചയുണ്ടാകുമെങ്കിലും പെട്ടെന്ന് മൂർച്ച നഷ്ടപ്പെടുകയും ചെയ്യും.
നിങ്ങളുടെ വീടുകളിലെ കട്ടിങ് ബോർഡുകളും ഇവിടെ വില്ലനാകാം. പല തരത്തിലുള്ള കട്ടിങ് ബോർഡുകൾ ഇന്ന് ലഭ്യമാണെങ്കിലും മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഉള്ള കട്ടിങ് ബോർഡുകളാണ് ഏറ്റവും നല്ലത്. ഇത് കത്തിയുടെ മൂർച്ച പെട്ടെന്ന് നഷ്ടപ്പെടുന്നത് തടയും.
കത്തി കഴുകുന്ന രീതിയിലുമുണ്ട് കാര്യം. ഡിഷ്‌വാഷർ കൊണ്ട് ഒരിക്കലും കത്തി കഴുകരുത്. കത്തി കൈകൊണ്ട് തന്നെ കഴുകി തുടച്ചു വെക്കുന്നതാണ് ഉചിതം. മറ്റു പാത്രങ്ങൾക്കിടയിൽ കത്തി ഇടുന്നതും കത്തിയുടെ മൂർച്ച കുറക്കും. വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ കത്തി മൂർച്ച നഷ്ടപ്പെടാതെ സൂക്ഷിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

