
വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഒരാൾക്ക് സൂപ്പർസ്റ്റാർ ആകാൻ പറ്റുമോ? പ്രേക്ഷരുടെ മനസിലേക്ക് ഇടിച്ച് കയറി നാളിത് വരെ ആ സ്ഥാനത്തിന് മാറ്റം വരുത്താതെ ഇരിക്കാൻ കഴിയുമോ?, എങ്കിൽ പറ്റും എന്നതാണ് ഉത്തരം…
ഈ മുഖം വെച്ച് അഭിനയിച്ചാൽ ആര് സിനിമ കാണാനാണ് എന്ന് തുടങ്ങിയ അധിക്ഷേപങ്ങൾ വരെ കേട്ട് കൊണ്ട് തുടക്കം, ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ, ഇന്ത്യ കണ്ട ഏറ്റവും താരമൂല്യമുള്ള നടൻ, തിയേറ്ററിൽ ആരാധകർക്കായി ഗംഭീര വിഷ്വൽ ട്രീറ്റ് ഒരുക്കുന്ന സ്റ്റാർ. ഒറ്റപ്പേര് ജോസഫ് വിജയ് ചന്ദ്രശേഖർ….
നിരവധി ചിത്രങ്ങളിൽ ബാലതാരമായിയാണ് വിജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, 1992ൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത് ‘നാളൈയ തീർപ്പു’ എന്ന സിനിമയിൽ നായകനായി രംഗപ്രവേശം, ചിത്രം പരാജയമായിരുന്നു തുടർന്ന് നെപ്പോ കിഡ് എന്ന പേരും, കുറേ വിമർശനങ്ങളും, എന്നാൽ അതൊന്നും കാര്യമാക്കാതെ വിജയ് മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. 1996 ൽ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രം റിലീസ്, റൊമാന്റിക് കോമഡി ജേണറിലിൽ ഒരുങ്ങിയ ചിത്രം വിജയുടെ കരിയറിൽ വഴിത്തിരിവായ സിനിമമാണ്, പിന്നിടങ്ങോട്ട് വൺസ് മോർ, നേര്ക്കു നേർ,കാതലുക്ക് മര്യാദൈ ,തുള്ളാത്ത മനവും തുള്ളും അങ്ങനെ തുടരെയുള്ള ഹിറ്റുകൾ. 90s ലെ റൊമാന്റിക് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞാടുകയായിരുന്നു. തമാശകളുടെ മേമ്പൊടി ചേർത്തുള്ള വിജയുടെ റൊമാന്റിക് സിനിമകൾ, വർഷം 2000ന്റെ പകുതിയും വിജയ്യുടെ കൈവള്ളയിൽ ആയിരുന്നു എന്ന് തന്നെ പറയാം, ഖുഷി, “ഫ്രണ്ട്‌സ്” തമിഴ് റീമേക്ക്, ബദ്രി, ഷാജഹാൻ അങ്ങനെ തൊടുന്നതെല്ലാം ഹിറ്റ്. തിരുമലൈ, ഗില്ലി, തിരുപ്പാച്ചി, പോക്കിരി തുടങ്ങി എണ്ണം പറഞ്ഞ ആക്ഷൻ സിനിമകൾ. ഇതിൽ 20 വർഷങ്ങൾക്കിപ്പുറവും ഫാൻ ഫോളോയിങിന് ഒരു കുറവുമില്ലാത്ത സിനിമയായി ഗില്ലി ഇപ്പോഴും തുടരുന്നു, 2024ലെ റീ റീലീസ് ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല.
സിനിമാ പ്രേമികളുടെ ഇളയദളപതിയായും പിന്നീട് ഒരേയൊരു ദളപതിയായും ആരാധകന്റെ പ്രിയപ്പെട്ട അണ്ണനായും വിജയ് വളർന്നു. തുപ്പാക്കി സിനിമയിലൂടെ 100 കോടി ദളപതി തൊട്ടു, പിന്നീടങ്ങോട്ട് 100 കോടി ക്ലബിൽ ഒറ്റപ്പേരെ തുടരേ തുടരേ ഉയർന്ന് കേട്ടിട്ടുള്ളൂ വിജയ്. ഇതിൽ മെർസർ 200 കോടിയും ബിഗിൽ 300 കോടിയും നേടി. ഏറ്റവും അവസാനമായി ഇറങ്ങിയ ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ‘ലിയോ’ തമിഴകത്തെ സകലമാന റെക്കോർഡും തകർത്താണ് കോളിവുഡ് വിട്ടത്.
ഇപ്പോൾ ജനനായകൻ്റെ ടീസർ വന്നതിന്റെ ആവേശത്തിലാണ് ആരാധകർ, ഫാൻസിന് മാത്രമല്ല സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും അങ്ങേയറ്റം കാത്തിരിക്കുന്ന സിനിമ കൂടിയാണിത്, മുഴുനീള രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയുടെ അവസാന ചിത്രമാണ്, സിനിമ 2026 ജനുവരി 9ൽ തിയേറ്ററുകളിലേക്ക്.
സിനിമയിൽ പാറിച്ച വെന്നിക്കൊടി രാഷ്ട്രീയത്തിലും വിജയ് പാറിക്കുമോ എന്നാണ് ഇപ്പോൾ നമ്മളെല്ലാവരും ഉറ്റുനോക്കുന്നത്, 2026ലെ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രിയായി ഒരു എൻട്രി വിജയ് നടത്തുമോ ?, അതോ മറ്റ് നടന്മാരെ പോലെ രാഷ്ട്രീയത്തിൽ കാലിടറി വീഴുമോ? കണ്ട് തന്നെ അറിയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here