
ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഇത് സംസാരിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് പറഞ്ഞത്. ‘‘അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു’’ എന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി ട്രംപ് എത്തിയിരിക്കുന്നത്. അതിവേഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.
തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

