
ഇന്ത്യയും പ്രധാനമന്ത്രി മോദിയും തൻ്റെ ഫ്രണ്ടാണെന്ന് വാതോരാതെ പറയുമ്പോഴും തങ്ങളുടെ നയങ്ങളിൽ ഒരു ‘ഫ്രണ്ടി’നും ഇളവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഏപ്രിൽ മാസം മുതൽ ഇന്ത്യയ്ക്ക് 100% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ‘ട്രംപ് പറഞ്ഞു. യുഎസ് ഇറക്കുമതിക്ക് ഇന്ത്യ എത്രയാണോ ചുങ്കം ഈടാക്കുന്നത് അതേ നിരക്കിൽ തന്നെ ഇന്ത്യക്കും ചുങ്കം ഈടാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ ശത്രുവാണോ മിത്രമാണോ എന്നത് വിഷയമല്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ALSO READ: ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ തകർത്ത് തരിപ്പണമാക്കും: ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
“ഭൂമിയിലെ എല്ലാ രാജ്യങ്ങളും നമ്മെ പതിറ്റാണ്ടുകളായി പറ്റിച്ചുകൊണ്ടിരിക്കുകയാണ്, ഇനി അത് അനുവദിക്കില്ല. നമ്മൾ ട്രില്യൺ കണക്കിന് ഡോളർ സമാഹരിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തൊഴിലവസരങ്ങൾ നമ്മുടെ രാജ്യത്ത് സൃഷ്ടിക്കും. താരിഫുകൾ അമേരിക്കൻ തൊഴിലവരസരങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. ഇത്തരം നടപടികൾ അമേരിക്കയെ വീണ്ടും സമ്പന്നമാക്കും.”- ട്രംപ് പറഞ്ഞു.
ചൈന, തെക്കൻ കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും ഈ രാജ്യങ്ങൾക്കും ഇതേ രീതിയിൽ ഇറക്കുമതി ചുങ്കം ചുമത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനക്കും താരിഫ് ഏർപ്പെടുത്തിയതിനെ ട്രംപ് ശരിവച്ചിട്ടുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

