
യുകെയിൽ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എക്‌സിൽ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണൽ ഇട്ട പോസ്റ്റ് വൈറലായി. തൊഴിൽ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങൾ കർശനമാക്കുന്നതും കാരണം മിക്കവരും തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് മാർക്കറ്റിങ് പ്രൊഫഷണലായ ജാൻവി ജയിൻ പറഞ്ഞു. തന്റെ ബാച്ച്‌മേറ്റുകളിൽ ഏകദേശം 90% പേർക്കും തൊഴിൽ ഉറപ്പാക്കാൻ കഴിയാത്തതിനാൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായതായും ജാൻവി വെളിപ്പെടുത്തി.
“യുകെയിലേക്ക് മാസ്റ്റേഴ്‌സിനായി വരുന്നതിനെക്കുറിച്ച് ധാരാളം ആളുകൾ എനിക്ക് മെസ്സേജ് അയയ്ക്കുന്നുണ്ട് – ഞാൻ നിങ്ങളോട് പറയും വരരുതെന്ന്. എന്റെ ബാച്ചിലെ 90% പേർക്കും ജോലിയില്ലാത്തതിനാൽ തിരികെ പോകേണ്ടിവന്നു. നിങ്ങളുടെ പക്കൽ പണമില്ലെങ്കിൽ, യുകെയിലേക്ക് വരുന്നത് പരിഗണിക്കരുത്.” – ജാൻവി എഴുതുന്നു.
വിസ നയങ്ങൾ കർശനമാക്കുകയും കമ്പനികൾ വർക്ക് പെർമിറ്റുകൾ സ്പോൺസർ ചെയ്യുന്നതിനി നിയന്ത്രണം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, ജാൻവിയുടെ പോസ്റ്റ് വിദ്യാർഥികൾക്കിടയിൽ വ്യാപക ചർച്ചക്ക് വഴിയൊരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗ നിര്‍ദേശങ്ങളുമായി കെയര്‍ സ്റ്റാർമെര്‍ സര്‍ക്കാരിന്‍റെ ധവളപത്രം പുറത്തിറങ്ങിയിരുന്നു.
പഠനത്തിന് ശേഷം യുകെയിൽ സ്ഥിരതാമസം ആക്കാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾക്കാണ് കരിനിഴൽ വീഴുന്നത്. പൗരത്വം ലഭിക്കണമെങ്കിൽ അഞ്ചു വർഷത്തിനു പകരം പത്ത് വർഷം വരെ കാത്തിരിക്കണം എന്നതടക്കമുള്ള നയങ്ങളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. അഞ്ചു വർഷത്തേക്ക് യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെ ഏതൊരാൾക്കും സ്വാഭാവികമായി പൗരത്വവും നൽകുന്ന സംവിധാനവും അവസാനിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here