
നമ്മൾ എല്ലാവരും പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് സ്പോട്ടിഫൈ. ഇഷ്ടമുള്ള പാട്ട് ഇഷ്ടമുള്ള സമയത്ത് കേൾക്കാം. എന്നാൽ ഇപ്പോൾ സ്പോട്ടിഫൈ പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്.പാട്ടും പോഡ്കാസ്റ്റും മാത്രമല്ല, ഇനി പ്രൊഫഷണലുകൾ വായിച്ച് തരുന്ന നീണ്ട മാഗസിൻ ലേഖനങ്ങളും സ്പോട്ടിഫൈയിൽ കേൾക്കാം. ഒരു ഓഡിയോബുക്ക് കേൾക്കുന്ന ഫീൽ ആണ് ഇതിന്. വായിക്കാൻ താൽപര്യമുണ്ടെങ്കിലും ജോലി തിരക്ക് കാരണം സമയം കിട്ടാത്തവർക്ക് പറ്റിയ അപ്ഡേറ്റ് ആണിത്. യാത്ര ചെയ്യുമ്പോഴോ വീട്ടുജോലി ചെയ്യുമ്പോഴോ വായിക്കുന്നതിന് പകരം കേട്ട് തീർക്കാം.
സ്പോട്ടിഫൈ പ്രീമിയം ഉണ്ടെങ്കിൽ ഈ ഓഡിയോ കഥകൾക്ക് അധിക ചെലവില്ല. എന്നാൽ നിങ്ങൾ കേൾക്കുന്ന സമയം പ്രതിമാസ ഓഡിയോബുക്ക് ലിമിറ്റിൽ നിന്ന് കുറയും. പ്രീമിയം ഇല്ലെങ്കിൽ ഓരോ ലേഖനവും ഏകദേശം 190 രൂപയ്ക്ക് വാങ്ങേണ്ടി വരും. ഓരോ ലേഖനവും രണ്ട് മണിക്കൂറിൽ താഴെ മാത്രമേ ഉള്ളൂ. റോളിംഗ് സ്റ്റോൺ, വോഗ്, വയർഡ്, ജിക്യു, ദി അറ്റ്ലാന്റിക്, വെറൈറ്റി, ബിൽബോർഡ്, വാനിറ്റി ഫെയർ, പിച്ച്ഫോർക്ക് എന്നിവയുൾപ്പെടെ 650ലധികം ലേഖനങ്ങൾ ഇപ്പോൾ ലഭ്യമാണ്. എല്ലാ ലേഖനങ്ങളും ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ് ഉള്ളത്.
അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമനി, യുഎഇ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിലാണ് ഫീച്ചർ ഇപ്പോൾ ഉള്ളത് . ഇന്ത്യ ഇപ്പോൾ ഈ ലിസ്റ്റിൽ ഇല്ല, അതുകൊണ്ട് ഇന്ത്യൻ ഉപയോക്താക്കൾക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

