നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തിൻ്റെ പുതിയ മാറ്റത്തിൻ്റെ തുടക്കമാണ് കെ ഫോൺ പദ്ധതി. സർക്കാർ തന്നെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പുതിയ ഇന്റർനെറ്റ് സേവന ദാതാവായി മാറിയിരിക്കുകയാണ് കെ ഫോൺ പദ്ധതിയിലൂടെ. ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച രാജ്യത്ത് കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് അഥവാ കെ ഫോൺ എന്ന പേരിൽ ഡിജിറ്റൽവില്ലവത്തിനാണ് ജൂൺ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി നാടിന് സമർപ്പിച്ചതോടെ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

Also Read: നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

കെഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇതിൽ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി കെഫോൺ വഴി ഇന്റർനെറ്റ് ലഭിക്കും. ഇൻ്റർനെറ്റ് അവകാശമായ രാജ്യത്ത് ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മറ്റുള്ളവർക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കെഫോൺ ഉപയോഗപ്പെടുത്താവുന്നതാണ്.

കെ ഫോൺ ആർക്കെല്ലാം ?

കേരളത്തിൽ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും കണക്ഷന് വേണ്ടി അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാവുക. ഇവർക്കെല്ലാം സൗജന്യമായാണ് കണക്ഷൻ ലഭിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. 18,000 സർക്കാർ സ്ഥാപനങ്ങളിലും 9,000 ൽപരം വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ നൽകാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു എന്നാണ് കെ ഫോൺ നൽകുന്ന വിവരം. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവിൽ കെഫോൺ വഴി ഇൻർനെറ്റ് സേവനം നൽകുന്നുണ്ട്.

കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എം.ബി.പി.എസ് മുതലുള്ള വേഗതയിൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും സാധിക്കും.

കെ ഫോൺ നിരക്കുകൾ

വിവിധ താരിഫുകളിലെ കെ ഫോണ്‍ പ്ലാന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് ആറ് മാസത്തെ പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്.

9 പ്ലാനുകളാണ് നിലവിലുള്ളത്.

20 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ് നിരക്ക് ഏറ്റവും കുറഞ്ഞത്. ഒരു മാസത്തേക്ക് 299 എന്ന നിരക്കില്‍ ആറ് മാസത്തേക്ക് 1794 രൂപ.

30 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2094 രൂപ.

40 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.

50 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.

75 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.

100 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.

150 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.

200 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.

250 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.

എങ്ങനെ കണക്ഷന് വേണ്ടി അപേക്ഷിക്കാം ?

കെ ഫോൺ നേരിട്ടും വിവിധ സർവീസ് പ്രൊവൈഡർമാർ മുഖേനയുമാണ് കണക്ഷനുകളെത്തിക്കുക. കേരളാ വിഷൻ ഇതിൽ പങ്കാളിയാണ്. വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയും കണക്ഷനുകൾ എടുക്കാനാവും.

കെഫോൺ മൊബൈൽ ആപ്ലിക്കേഷൻ വഴി കെഫോൺ വരിക്കാരാകാൻ സാധിക്കും. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. കെഫോണിന്റെ വെബ്സൈറ്റിലൂടെയും വിവരങ്ങൾ നൽകി വരിക്കാരാവാം. പുതിയ വരിക്കാരാവുന്നതിനായി വിവരങ്ങൾ നൽകിയാൽ കെ ഫോൺ അധികൃതർ നിങ്ങളുമായി ബന്ധപ്പെടും. കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കണക്ഷൻ ലഭിക്കുകയുള്ളൂ. 18 വയസ് പ്രായമായവരുടെ പേരിൽ വേണം അക്കൗണ്ട് തുടങ്ങാൻ. കണക്ഷനുവേണ്ടി അടുത്തുള്ള കേബിൾ ടിവി ഓപ്പറേറ്ററുമായും ബന്ധപ്പെടാം.

നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ചുള്ള വീടുകൾ ഉൾപ്പടെ മുൻഗണനാ ക്രമം അനുസരിച്ചാവും കണക്ഷനുകൾ നൽകുക. പ്രാരംഭ കാലത്തെ തിരക്കുകൾ കൈകാര്യം ചെയ്യുന്നതിന് കൂടി വേണ്ടിയാണിത്. മറ്റുള്ളവർക്ക് കണക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാമെങ്കിലും കണക്ഷൻ ലഭിക്കുന്നതിന് തുടക്കകാലത്ത് അല്പം കാലതാമസം നേരിട്ടേക്കും. ദേശീയപാതാ വികസനം നടക്കുന്ന ചില മേഖലകളിൽ ഫൈബർ കേബിളുകൾ വിന്യസിക്കുന്നതിന് പ്രയാസമുള്ളതിനാൽ അവിടങ്ങളിലും കാലതാമസം നേരിട്ടേക്കാം. സാധാരണ നിലയ്ക്ക് രണ്ട് ദിവസം മുതൽ ഒരാഴ്ചവരെ സമയത്തിനുള്ളിൽ കണക്ഷനുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേബിൾ ഓപ്പറേറ്ററുമായോ, കേ ഫോൺ അധികൃതരുമായോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News