കുനിയില്‍ ഇരട്ടക്കൊല; മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേര്‍ക്കും ഇരട്ട ജീവപര്യന്തം, അരലക്ഷം രൂപ പിഴ

മലപ്പുറം കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേര്‍ക്കും ഇരട്ട ജീവപര്യന്തം തടവും 50,000 പിഴയും. മഞ്ചേരി മൂന്നാം അതിവേഗ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട അബൂബക്കറിന്റെയും ആസാദിന്റെയും കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

21 പ്രതികളുണ്ടായിരുന്ന അരീക്കോട് കുനിയില്‍ ഇരട്ടക്കൊല കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരാണന്നാണ് കണ്ടെത്തിയിരുന്നത്. ഇവര്‍ക്കുള്ള ശിക്ഷയാണ് ജഡ്ജി ടി എച്ച് രജിത വിധിച്ചത്.

കുനിയില്‍ കുറുവാടന്‍ മുക്താര്‍, കോഴിശ്ശേരിക്കുന്നത് റാഷിദ്, റഷീദ്, ചോലയില്‍ ഉമ്മര്‍ തുടങ്ങിയ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 50,000 പിഴയും വിധിച്ചു. കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ എം കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

സഹോദരങ്ങളായ കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നാണ് കേസ്. 2012 ജൂണ്‍ 10 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. കുനിയില്‍ അത്തീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയാണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി ശരിവച്ചത്.

ദൃക്സാക്ഷികളുള്‍പ്പെടെ 273 സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ തുടങ്ങി 100 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News