വൻകിടപദ്ധതികൾ ഏറ്റെടുത്തുനടത്താനുള്ള ഇച്ഛാശക്തി നമ്മുടെ സംസ്ഥാനത്തിന് ഉണ്ടെന്ന് വി‍ഴിഞ്ഞം അടിവരയിട്ട് കാണിക്കുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

Kerala woman stranded in kuwait

വൻകിടപദ്ധതികൾ ഏറ്റെടുത്തുനടത്താനുള്ള ഇച്ഛാശക്തി നമ്മുടെ സംസ്ഥാനത്തിന് ഉണ്ടെന്ന് വി‍ഴിഞ്ഞം അടിവരയിട്ട് കാണിക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന പ്രതികൂലപ്രതീതിയെ മുറിച്ചുകടക്കാൻ ഇതു സഹായകമാകുമെന്നും പദ്ധതിയെ മുൻനിർത്തിയുള്ള അവകാശവാദങ്ങളുടെ പെരുമ‍ഴയിൽ യാഥാർത്ഥ്യം തമസ്കരിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറമുഖനിർമ്മാണത്തിനെതിരെ ഏതാനും മാസങ്ങൾക്കുമുൻപ് സമരം സംഘടിപ്പിക്കപ്പെട്ടപ്പോൾ അതൊരു വിമോചനസമരമാക്കാൻ ഉലയൂതിയവരാണ് ചില മാധ്യമങ്ങളെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ജോണ്‍ ബ്രിട്ടാസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

വി‍ഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ അലയടിച്ചുയരുന്ന ആരവത്തിലും ആഹ്ലാദത്തിലും ഞാനും പങ്കുചേരുന്നു. വൻകിടപദ്ധതികൾ ഏറ്റെടുത്തുനടത്താനുള്ള ഇച്ഛാശക്തി നമ്മുടെ സംസ്ഥാനത്തിന് ഉണ്ട് എന്നതിന് ഇത് അടിവരയിടുകയാണ്. കേരളത്തെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന പ്രതികൂലപ്രതീതിയെ മുറിച്ചുകടക്കാൻ ഇതു സഹായകമാകും.

പദ്ധതിയെ മുൻനിർത്തിയുള്ള അവകാശവാദങ്ങളുടെ പെരുമ‍ഴയിൽ യാഥാർത്ഥ്യം തമസ്കരിക്കപ്പെടാൻ പാടില്ല. സംസ്ഥാനത്തെ മൈൽക്കുറ്റികളുടെ എണ്ണത്തേക്കാൾ കൂടുതൽ കല്ലുകൾ നമ്മുടെ നാട്ടിൽ പലരും ഇട്ടിട്ടുണ്ട്. എന്നാൽ, ആ കല്ലിൽനിന്ന് പദ്ധതിനിർവ്വഹണത്തിലേക്കും പദ്ധതിയുടെ പരിസമാപ്തിയിലേക്കും എത്തുക എന്ന ധീരമായ പ്രക്രിയയാണ് പ്രസക്തം. കേരളത്തിന് ദീർഘകാലമായി ഇല്ലാതിരുന്ന ഇച്ഛാശക്തിയുടെ പ്രതലം സമ്മാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നത് എടുത്തുപറയേണ്ട ഘട്ടമാണിത്.

പദ്ധതിയുടെ മൊത്തം ചെലവായ 8,866.80 കോടി രൂപയിൽ 5,595 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്, 63%. അദാനിയുടെ വിഹിതം 2,454 കോടി രൂപ, 28%. കേന്ദ്രത്തിന്റേത്, വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ഇനത്തിൽ 817.80 കോടി രൂപ. വിജിഎഫിനെക്കുറിച്ച് രണ്ടു വാചകം അനിവാര്യമാണ്. രാജ്യത്തെ 71 പദ്ധതികൾക്ക് കേന്ദ്രസർക്കാർ വിജിഎഫ് നല്കുന്നു. (താഴെ കൊടുത്തിരിക്കുന്ന പാർലമെൻറ് രേഖ പരിശോധിച്ചാലും) അതിൽ, ലാഭവിഹിതമുൾപ്പെടെ തിരിച്ചുപിടിക്കുന്ന ഏക പദ്ധതി വി‍ഴിഞ്ഞമാണ്. ചുരുക്കിപ്പറഞ്ഞാൽ, 12,000 കോടി രൂപ വരെ കേന്ദ്രത്തിന്റെ വിജിഎഫിനു പകരം നമ്മൾ തിരിച്ചടയ്ക്കണം. പ്രധാനമന്ത്രിയുടെ ചിത്രം വച്ച് മു‍ഴുനീളപരസ്യം നല്കുന്ന കേന്ദ്ര സർക്കാരിന്റെ കാപട്യവും വഞ്ചനയും എന്താണെന്ന് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

വിജിഎഫ് വിഷയം പാർലമെന്റിൽ ഉന്നയിച്ച ശേഷം ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാർ സ്വകാര്യമായി വിശദീകരിച്ച ഒരു കാര്യമുണ്ട്. വായ്പയുടെ രീതിയിൽ വിജിഎഫിനെക്കാണാൻ അനുമതിയറിയിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. അതുകൊണ്ട്, തങ്ങൾ അതുമായി മുന്നോട്ടുപോകും. ഒന്നു സങ്കല്പിക്കുക, ഇടതുപക്ഷ സർക്കാരായിരുന്നു ആ മണ്ടത്തരം ചെയ്തിരുന്നതെങ്കിൽ നമ്മുടെ മാധ്യമങ്ങൾ എങ്ങനെയായിരിക്കും ആ വിഷയം കൈകാര്യം ചെയ്യുക!

മാധ്യമസുഹൃത്തുക്കളോട് മറ്റൊരു കാര്യംകൂടി ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കാനുണ്ട് – തുറമുഖനിർമ്മാണത്തിനെതിരെ ഏതാനും മാസങ്ങൾക്കുമുൻപ് സമരം സംഘടിപ്പിക്കപ്പെട്ടപ്പോൾ അതൊരു വിമോചനസമരമാക്കാൻ ഉലയൂതിയവരാണ് മിക്കവാറും മാധ്യമങ്ങൾ. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്തശേഷം മതി ഇനിയുള്ള നിർമ്മാണമെന്നും ആഹ്വാനം ചെയ്തത് നമ്മുടെ മാധ്യമങ്ങളാണ്. അന്നത്തെ വാർത്താശകലങ്ങളെ അപഗ്രഥിച്ചാൽ ഒരു കാര്യം വ്യക്തമാകും, 82% വാർത്തകളും പദ്ധതിനിർമ്മാണത്തിന് എതിരായിട്ടുള്ളതായിരുന്നു. ഇന്ന് അച്ചടി-ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് ഒന്നു കണ്ണോടിക്കുമ്പോൾ വി‍ഴിഞ്ഞം വിസ്മയക്കാ‍ഴ്ചകളുടെ കേളികൊട്ടാണ്. മുമ്പത്തെ ഇവരുടെ സംഹാരത്തിൽ സംസ്ഥാനസർക്കാർ ഒന്ന് ഇടറിയിരുന്നെങ്കിലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News