
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാധ്യമസ്വാതന്ത്ര്യത്തെ മുൻനിർത്തി നടക്കുന്ന ചർച്ചകളിൽ ശക്തമായ പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി രംഗത്ത്. കേരളത്തിലെ മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കൊല്ലം പ്രസ് ക്ലബ്ബിലെ ‘മീറ്റ് ദി പ്രെസ്’ പരിപാടിയിലുമാണ് അദ്ദേഹം ഈ നിലപാടുകൾ വ്യക്തമാക്കിയത്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാർത്താ സമ്മേളനങ്ങൾ നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ അസുഖകരമായ ചോദ്യങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും നേരിട്ടതും അദ്ദേഹമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താൽ ഇത് വ്യക്തമാകുമെന്നും, മുൻ മുഖ്യമന്ത്രിമാരേക്കാൾ കൂടുതൽ മാധ്യമങ്ങളുമായി സംവദിച്ച റെക്കോർഡ് അദ്ദേഹത്തിനാണെന്നും ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണവുമായും താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സാഹചര്യം ഏറെ വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. മുൻപ് പ്രധാനമന്ത്രിമാർ വിദേശയാത്രകളിൽ മാധ്യമപ്രവർത്തകരെ കൂടെ കൊണ്ടുപോവുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്ന രീതി ഇന്ന് മാറിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ അഭിമുഖങ്ങൾ പോലും മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങളിലൂടെയും സെൻസർഷിപ്പിലൂടെയുമാണ് പുറത്തുവരുന്നത്. ഈ സാഹചര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളം മാധ്യമ സംവാദങ്ങൾക്കും അക്കൗണ്ടബിലിറ്റിക്കും വലിയ സ്ഥാനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘മധുരമുളള വോട്ട്’ ചെയ്യാം ! കന്നി വോട്ടർമാർക്ക് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ ഒരു കാരണമുണ്ട്
എല്ലാ മാധ്യമപ്രവർത്തകരും സദുദ്ദേശത്തോടെയല്ല ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ചിലർക്ക് സ്വന്തമായ അജണ്ടകളും രാഷ്ട്രീയ താല്പര്യങ്ങളും ഉണ്ടാകാമെന്നും ബ്രിട്ടാസ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയ മാധ്യമപ്രവർത്തകർ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുഖ്യമന്ത്രിക്ക് തന്റെ നിശ്ചിത സമയത്തിന് ശേഷം മറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടി വരുന്നത് സ്വാഭാവികമായ രീതിയാണെന്നും, ഏതെങ്കിലും ഒരു ചോദ്യത്തോട് മുഖ്യമന്ത്രി നീരസം കാണിച്ചാൽ കേരളത്തിലെ പത്രസ്വാതന്ത്ര്യം അപകടത്തിലാണെന്ന് കരുതുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
മാധ്യമസ്വാതന്ത്ര്യം ആണല്ലോ ചർച്ച ചെയ്യുന്നത് …ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഒന്ന് കാണേണ്ടതാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടും, അദ്ദേഹം തികഞ്ഞ സമചിത്തതയോടെയാണ് പ്രതികരിച്ചത്. ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല; കേരളത്തിന് പുറത്താണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഇന്നലെ കൊല്ലം പ്രസ് ക്ലബ്ബിലെ ‘മീറ്റ് ദി പ്രെസ്സിൽ’ ഞാൻ പങ്കെടുത്തിരുന്നു. അവിടെ പങ്കെടുത്ത ചിലർ ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും ഉണ്ടായിരുന്നു. ‘ഡൽഹിയിൽ നടക്കുന്നതൊന്നും എനിക്കറിയില്ല, കേരളത്തിൽ നടക്കുന്നത് മാത്രമേ അറിയൂ’ എന്ന് പറഞ്ഞ ‘മാധ്യമപ്രവർത്തകനും’ ആ കൂട്ടത്തിലുണ്ടായിരുന്നു. ഇന്നും അദ്ദേഹം അത് ആവർത്തിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
മുഖ്യമന്ത്രിമാർക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടാകും, അതിൽ പങ്കെടുക്കാതിരിക്കാൻ അവർക്ക് സാധിക്കില്ല. മാത്രമല്ല, എല്ലാ മാധ്യമപ്രവർത്തകരും സദുദ്ദേശത്തോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് പറയാനാകില്ല; അവർക്കും അവരുടേതായ അജണ്ടകളും രാഷ്ട്രീയ താല്പര്യങ്ങളുമുണ്ടാകാം. ഒരു ചോദ്യത്തിന് മറുപടി കിട്ടിയില്ല എന്നതുകൊണ്ട് മാത്രം മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറയുന്നത് തികഞ്ഞ അബദ്ധമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

