
സീതാറാം യെച്ചൂരിയുടെ ജീവചരിത്രം സംക്ഷിപ്‌തമായി അവതരിപ്പിച്ച ഗ്രന്ഥമാണ് മാധ്യമപ്രവർത്തകൻ പി പി അബൂബക്കർ എഡിറ്റ് ചെയ്‌ത ‘ആധുനിക കമ്യൂണിസ്‌റ്റ്–സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം, രാഷ്‌ട്രീയം’എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം സുഹൃത്തും മാധ്യമ പ്രവർത്തകനുമായ പി പി അബൂബക്കറിന്റെ പുതിയ പുസ്തകത്തെ പറ്റി കുറിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് ടൗൺഹാളിൽ വച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
ഇന്ത്യയിലെ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തിന് ഊർജസ്വലമായ നേതൃത്വം നൽകിയ സീതാറാമിന്റെ ജീവിതം ആസ്‌പദമാക്കി ഇതിനകം പുറത്തിറങ്ങിയ പുസ്‌തകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് ‘ആധുനിക കമ്യൂണിസ്‌റ്റ്’ എന്നും സീതാറാമിന്റെ ജീവചരിത്രം ആഴത്തിൽ പഠനം നടത്തി സമഗ്രമായി തയാറാക്കേണ്ടതാണെന്നും അതിലേക്കുള്ള മികച്ച പ്രവേശികയായി താൻ ഈ പുസ്‌തകത്തെ കാണുന്നുവെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ: ‘പാലിയേറ്റിവ് കെയര്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ഉണ്ടാകണം’: മുഖ്യമന്ത്രി
ഇടതുപക്ഷക്കാരല്ലാത്തവരും സീതാറാം യെച്ചൂരിയുടെ സംഭാവനകൾ വിലയിരുത്തുന്നു എന്നതാണ് പുസ്തകത്തിന്റെ സവിശേഷത. രാഹുൽ ഗാന്ധി, എ കെ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. മൻമോഹൻസിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായർ തുടങ്ങിയവർ അവരുടേതായ വീക്ഷണത്തിൽ സീതാറാം യെച്ചൂരിയുടെ സംഭാവനകളെപറ്റി പറയുന്ന കുറിപ്പുകൾ ഈ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ കുടുംബം, കുട്ടിക്കാലം, വിദ്യാർഥി ജീവിതം, രാഷ്‌ട്രീയ പ്രവർത്തനം എന്നിവയെല്ലാം പുസ്തകത്തിൽ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. സീതാറാം യെച്ചൂരിയുമായി ദീർഘകാലം ഒന്നിച്ച് പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ കുറിപ്പും ഈ പുസ്‌തകത്തിലുണ്ട്. സീതാറാം യെച്ചൂരിയുടെ അമ്മാവൻ ഡോ. മോഹൻ കാന്ദയുടെ ഹൃദയസ്‌പർശിയായ കുറിപ്പും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
ALSO READ: അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ 8-ാമത് വിശിഷ്ട സാഹിതീ സേവാ പുരസ്‌കാരം കവി പി കെ ഗോപിക്ക്
‘ദേശാഭിമാനിയുടെ ചരിത്രം’ എന്ന ഗവേഷണ ഗ്രന്ഥമായിരുന്നു പി പി അബൂബക്കറിന്റെ മറ്റൊരു പ്രധാന സാഹിത്യ രചന. ഡോ. ജോൺ ബ്രിട്ടാസ് എം പി ആയിരുന്നു ആ പുസ്തകം പ്രകാശനം ചെയ്തിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

