ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രം പിടിച്ചെടുക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് എം പിയുടെ ആരോപണം.
അടിയന്തരാവസ്ഥയെ ബി ജെ പി ആവര്‍ത്തിച്ച് അപലപിച്ചിട്ടും, അതിന്റെ പൈതൃകത്തെ ചൂഷണം ചെയ്യുന്നത് തുടരുന്നു. സര്‍വകലാശാലകളില്‍ സംസ്ഥാനത്തിന്റെ അധികാരം പൂര്‍ണമായും കേന്ദ്രം കവര്‍ന്നെടുക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം വഴി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള ശ്രമം കേന്ദ്രം നടത്തുകയാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തെയാണ് ഇല്ലാതാക്കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു.
തരം കിട്ടുമ്പോഴൊക്കെ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നവരാണ് ബി ജെ പിക്കാര്‍. എന്നാല്‍ അടിയന്തരാവസ്ഥ കാലത്താണ് വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടത്. അടിയന്തരാവസ്ഥയോട് എതിര്‍പ്പുണ്ടെങ്കില്‍ ബി ജെ പി ചെയ്യേണ്ടത് വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റുക എന്നതാണ്. പക്ഷേ ഇന്ന് അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താവ് എന്ന് പറയുന്നത് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ആരംഭിച്ച കേന്ദ്രീകരണം എന്ന പ്രവണത ഇന്ന് ബി ജെ പിയുടെ നേതൃത്വത്തില്‍ അനസ്യൂതം തുടരുകയാണ്.
ഇന്ത്യയിലെ എല്ലാ ഭാഷയും നമ്മുടേതാണ്, ഹിന്ദിയും. പക്ഷേ, ഒരു നേതാവ്, ഒരു രാഷ്ട്രീയ പാര്‍ട്ടി, ഒരു മതം, ഒരു ഭാഷ എന്ന രീതിയിലേക്ക് ഏതു നിമിഷം നമ്മള്‍ മാറുന്നുവോ അന്ന് നമ്മുടെ രാജ്യം അവസാനിച്ചു. ഈ രാജ്യം എല്ലാവര്‍ക്കും ഉള്ളതാണ്. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം കേരളത്തിന് അര്‍ഹമായ 849 കോടി രൂപ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. കാരണം എന്തെന്നറിയാമോ? പി എം ശ്രീ സ്‌കൂളുകള്‍ എന്ന പദ്ധതിയെ കേരളം പ്രോത്സാഹിപ്പിക്കാത്തത്. എന്നാല്‍ പി എം ശ്രീ പദ്ധതിക്ക് സമഗ്ര ശിക്ഷാ അഭിയാനുമായി ഒരു ബന്ധവുമില്ല. പി എം ശ്രീ പദ്ധതിക്ക് വേണ്ട തുകയില്‍ 40 ശതമാനം സംസ്ഥാനം നല്‍കണമെന്നുള്ളതാണ് മറ്റൊരു വസ്തുത.
രാജ്യത്തിന്റെ വിദ്യാഭ്യാസം ഡല്‍ഹിയില്‍ ഇരുന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒന്നല്ല. സമൃദ്ധമായ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ബീഹാറിന്റെ പ്രശ്‌നമല്ല കേരളത്തിന്റെ പ്രശ്‌നം. അതുകൊണ്ട് ബീഹാറിന് വേണ്ടി തയ്യാറാക്കുന്ന ഒരു പദ്ധതി കേരളത്തിന് ഒരിക്കലും അനുയോജ്യമാകുകയില്ല. കേരളം വളരെ മുന്നോട്ടു പോയിരിക്കുന്നു. വിദ്യാഭ്യാസം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നുള്ളതാണ് അഭികാമ്യമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.
News Summary: Dr. John Brittas MP says the union govt of India is taking complete control of the higher education sector.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

