ഗവർണർമാർ അമിതാധികാരം കൈയാളുന്നതിനെതിരായ ബില്ലുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

john-brittas-mp-rajya-sabha

ഗവർണർമാർ അമിതാധികാരം കൈയാളുന്നതിനെതിരായ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഗവർണർമാരുടെ അധികാരം ഭരണഘടനാപരമായ ചുമതലകളിൽ ഒതുക്കണമെന്നാണ് ഭേദഗതി. ഒരു സാഹചര്യത്തിലും ഗവർണർമാർക്ക് ഭരണഘടന നിഷ്കർഷിക്കുന്നതിനപ്പുറമുള്ള ചുമതലകൾ ഉണ്ടാകാൻ പാടില്ല. പാർലമെന്റോ നിയമസഭകളോ അത്തരം നിയമങ്ങൾ സൃഷ്ടിക്കരുത്.

ഗവർണർമാർക്ക് സർവകലാശാല ചാൻസലർ പദവി അടക്കമുള്ള ഭരണഘടനാ ബാഹ്യ ചുമതലകൾ നൽകിക്കൂടാ. ഇത്തരത്തിൽ ഗവർണർമാർക്ക് നൽകിയിരിക്കുന്ന ഭരണഘടനാപരമായ ചുമതലകൾക്കപ്പുറമുള്ള അധികാരങ്ങൾ മറിച്ച് നടപടിയുണ്ടാകും വരെ സംസ്ഥാന മുഖ്യമന്ത്രിമാരിൽ നിക്ഷിപ്തമായിരിക്കണമെന്നും സ്വകാര്യ ബിൽ നിർദേശിക്കുന്നു. ഭരണഘടനയുടെ 158-ാം വകുപ്പ് ഇത്തരത്തിൽ ഭേദഗതി ചെയ്യാനുള്ളതാണ് ജോൺ ബ്രിട്ടാസ് അവതരിപ്പിച്ച ബിൽ.

Read Also: പഴയ ക്രിമിനല്‍ നിയമങ്ങള്‍ പുനരുജ്ജീവിപ്പിക്കണം; സ്വകാര്യ ബിൽ അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

സർവകലാശാല ചാൻസലർമാരായി ഗവർണർ വരുന്നത് ബ്രിട്ടീഷ് ഭരണകാല പാരമ്പര്യ പ്രകാരമാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഇതു പിന്തുടർന്നാണ് സ്വതന്ത്ര ഇന്ത്യയിൽ ഗവർണർമാർ എക്സ് ഒഫീഷ്യോ ചാൻസലർമാരാകുന്നത്. പിന്നാലെ, ഡോ. എസ് രാധാകൃഷ്ണൻ അധ്യക്ഷനായ കമ്മിറ്റി ഇക്കാര്യം പരിശോധിച്ചു ചാൻസലർമാരെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ആദ്യകാലത്ത് ചാൻസലർ നിയമനങ്ങൾ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോയി. പിന്നീട് സംസ്ഥാനങ്ങൾക്ക് സ്വന്തം സർവകലാശാലകൾ നിയന്ത്രിക്കാൻ കഴിയാത്ത നില സംജാതമായി. മന്ത്രിസഭയുടെ ഉപദേശങ്ങൾക്കപ്പുറം ഗവർണർമാർ പ്രവർത്തിക്കുന്ന നില വന്നു. യൂണിവേഴ്സിറ്റി നിയമനങ്ങളിൽ ചില ഗവർണർമാർ വിവേചനപരമായി പെരുമാറുന്നു എന്നുള്ള ആക്ഷേപങ്ങൾ സർക്കാരിയ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാഷ്ട്രപതിയും ഗവർണർമാരും മന്ത്രിസഭ നിർദേശങ്ങൾ പിന്തുടരേണ്ടവരാണെന്ന് ജസ്റ്റിസ് വിആർ കൃഷ്ണയ്യരും നിരീക്ഷിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ പഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷനും ഗവർണർമാരെ ചാൻസലർ പദമടക്കമുള്ള ഭരണഘടനയിൽ നിർദേശിക്കപ്പെടാത്ത ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് താൻ ഈ നിർദേശം സ്വകാര്യ ബില്ലായി സമർപ്പിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News