
അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുകളയുന്ന നിലപാട് ആണ് കേന്ദ്രത്തിൻ്റേതെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ത്യക്കാരെ കൊടുകുറ്റവാളികളെ പോലെ സൈനിക വിമാനത്തിൽ എത്തിച്ചിട്ടും ഇന്ത്യയ്ക്ക് ഒന്നും പറയാൻ കഴിയാത്തത് ദൌർഭാഗ്യകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും അമേരിക്കൻ സൈനികരല്ലെന്നും എംപി പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“വിഷയം തീർത്തും ദൗർഭാഗ്യകരം.അനധികൃത കുടിയേറ്റക്കാരെ പിരിച്ചുവിടുന്നതിന് എതിരില്ല, എന്നാൽ സാമാന്യ കാരുണ്യം നൽകാതെ പറഞ്ഞയച്ചു.
മറ്റു രാജ്യങ്ങൾ ശക്തമായി പ്രതിഷേധിക്കുമ്പോൾ പ്രധാനമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.7.15 ലക്ഷം ഇന്ത്യക്കാരെ അമേരിക്ക അനധികൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിഷയത്തിൽ ശക്തമായ നിലപാട് ഇന്ത്യൻ സർക്കാർ കൈക്കൊള്ളണം.സ്വതന്ത്ര രാജ്യമായ ഇന്ത്യ ഇതിൽ ഒന്നും പ്രതികരിക്കുന്നില്ല.ഡൽഹിയിൽ ലാൻഡ് ചെയ്താൽ വലിയ പ്രതിഷേധം ആകും എന്നതിനാൽ അമൃത്‌സർലേക്ക് വിമാനം തിരിച്ചുവിട്ടത്.വിഷയം പാർലമെൻറിൽ ശക്തമായി ഉയർത്തും.രാജ്യത്തിൻറെ അന്തസത്ത ഇടിച്ചു കളയുന്ന പ്രവർത്തിയാണിത്.ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.അമേരിക്കൻ സൈനികരുടെ ചൊൽപിടിക്ക് നിൽക്കുന്നത് അപലപനീയമാണ്”- അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഈ അവഹേളനത്തിൽ, സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എംപി രാജ്യസഭയിൽ ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ട്.എഎപി എംപി സഞ്ജയ് സിംഗും നോട്ടീസ് നല്‍കിയിട്ടുണ്ട്.അതേസമയം യുഎസ് നടപടി മനുഷ്യത്വരഹിതമാണെന്നും പധാനമന്ത്രിയുടെ നിശബ്ദത അത്ഭുതപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here