
ഡോ. ജോൺ ബ്രിട്ടാസ് എംപി
ഒന്ന് വച്ചാൽ രണ്ട്…
രണ്ട് വച്ചാൽ നാല്…
നിർമ്മല മേഡത്തിന്റെ മാജിക്കിനെ വിശേഷിപ്പിക്കാൻ കഴിയുന്നത് ഇങ്ങനെയല്ലേ. ആദായനികുതി നൽകുന്നവർക്ക് ഒരു ലക്ഷം കോടി രൂപയുടെ ഇളവ് പ്രഖ്യാപിച്ചതാണല്ലോ നിർമ്മല സീതാരാമന്റെ ബജറ്റിന്റെ ഹൈലൈറ്റ്. മധ്യവർഗ്ഗത്തെ വാനോളം ഉയർത്തുന്ന നിർദ്ദേശമായിട്ടാണ് മാധ്യമങ്ങൾ ഈ നടപടിയെ വാഴ്ത്തി കൊണ്ടിരിക്കുന്നത്. എന്നാൽ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ധനമന്ത്രിയുടെ കൺകെട്ട് വിദ്യ അനാവരണം ചെയ്യപ്പെടും.
അടുത്ത സാമ്പത്തിക വർഷം വ്യക്തിഗത ആദായനികുതി ഇനത്തിൽ രണ്ട് ലക്ഷം കോടി രൂപയോളം അധികമായി കേന്ദ്ര സമാഹരിക്കും എന്നാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. നടപ്പ് വർഷം 12.5 ലക്ഷം കോടി രൂപയാണ് വ്യക്തിഗത ആദായ നികുതി ഇനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാനം.
എന്നാൽ ഇത് അടുത്ത വർഷം അതായത് 2025-26ൽ 14.3 ലക്ഷം കോടി രൂപയാകും എന്നാണ് സർക്കാരിന്റെ കണക്ക്. എന്നുവച്ചാൽ ഒരു ലക്ഷത്തിന്റെ ഇളവ് നൽകിയാൽ പോലും ആദായനികുതിയിൽ കുറവല്ല മറിച്ച് കുത്തനെയുള്ള വർദ്ധനവാണ് മന്ത്രി ലക്ഷ്യമിടുന്നത്. ശതമാന കണക്കിൽ പരിശോധിക്കുകയാണെങ്കിൽ 14.4 ശതമാനത്തിന്റെ വർദ്ധനവ്. കോർപ്പറേറ്റുകൾ നൽകേണ്ട നികുതിയിൽ 10.4 ശതമാനവും ജിഎസ്ടിയിൽ 10.9 ശതമാനവും വളർച്ച മാത്രമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ നൽകാത്ത ഈ രണ്ട് ഇനത്തിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വളർച്ച വ്യക്തിഗത ആദായ നികുതി ഇനത്തിൽ നിർമ്മല സീതാരാമൻ ലക്ഷ്യമിടുന്നു എന്ന് ചുരുക്കം.
ഇതിൽ നിന്ന് എന്താണ് വായിച്ചെടുക്കേണ്ടത്? ഒന്നു കൊടുത്താൽ രണ്ട് പിടിച്ചെടുക്കും എന്നല്ലേ. അല്ലെങ്കിൽ തൻ്റെ കണക്ക് തെറ്റാണെന്ന് അവർ പറയണം. രണ്ട് ലക്ഷം കോടി രൂപ ആദായനികുതി ഇനത്തിൽ അധികമുണ്ടാക്കും എന്ന് രേഖപ്പെടുത്തുന്ന ബജറ്റിനെ മുൻനിർത്തി എന്തായിരിക്കണം പുതിയ വാർത്താ തലവാചകം? “മധ്യവർഗ്ഗത്തെ പിഴിഞ്ഞെടുക്കാൻ ലക്ഷ്യമിട്ട് ധനമന്ത്രി” – ഇതല്ലേ ആത്യന്തികമായി ശരിയായി ഭവിക്കുന്ന തലവാചകം?!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

