പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ തൊഴിലാളിവിരുദ്ധ നടപടികള്‍ ചെറുക്കണം, ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തെഴുതി. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച വിശദമായ കത്ത് ജോണ്‍ ബ്രിട്ടാസ് മന്ത്രിക്ക് നല്‍കിയത്. ഇപിഎഫ് വിതരണത്തില്‍ സുപ്രീംകോടതിയുടെ വിധി അക്ഷരം പ്രതി നടപ്പിലാക്കണമെന്നും ഇപിഎഫ് ജോയിന്‍റ് ഓപ്ഷനുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് മൂന്നില്‍ നിന്ന് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വിരമിച്ച ജീവനക്കാര്‍ക്ക് ഓപ്ഷന്‍ ഉപയോഗിക്കാതെ തന്നെ ഉയര്‍ന്ന പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അവസരം നല്‍കണം. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ജോയിന്‍റ് ഓപ്ഷന്‍ ഉപയോഗിക്കാതെ വിരമിച്ച ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കുന്നതിന്, നിലവിലുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിച്ച ഇപിഎഫ്ഒ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.

ജോയിന്‍റ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനായി അടുത്തിടെ ഇപിഎഫ്ഒ പുറത്തിറക്കിയ ഏകീകൃത പോര്‍ട്ടല്‍ പെന്‍ഷന്‍കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൗകര്യത്തിന്‍റെ പ്രായോഗികതയും സങ്കീര്‍ണ്ണമായ പ്രക്രിയയും ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിനാല്‍ നിലവിലുള്ള ഏകീകൃത പോര്‍ട്ടല്‍ പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ രീതിയില്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ ജോണ്‍ ബ്രിട്ടാസ് കുറിച്ചു.

ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സങ്കീര്‍ണതകള്‍ കണക്കിലെടുത്ത് ജോയിന്‍റ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിന് ഓഫ് ലൈന്‍ സംവിധാനം നടപ്പിലാക്കണം.പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ജോലിചെയ്ത കാലയളവ് മുതലുള്ള വിവരങ്ങള്‍ വീണ്ടും അപ്ലോഡ് ചെയ്യുന്നത് തൊഴിലാളികള്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും ഇതുസംബന്ധിച്ച് ഏപ്രില്‍ മാസത്തില്‍ ഇപിഎഫ്ഒപുറത്തിറക്കിയ സര്‍ക്കുലര്‍ പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോയിന്റ് ഓപ്ഷന്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി  ആറ് മാസമെങ്കിലും നീട്ടണം. തൊഴിലാളികളുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഇപിഎഫ്ഒ പെന്‍ഷന്‍കാരുടെ അവസ്ഥയെ വഷളാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് അനുചിതമാണ്. ഇപിഎഫ്ഒ നിലവില്‍ ജീവനക്കാരോടും പെന്‍ഷന്‍കാരോടും കാണിക്കുന്ന ശത്രുതാപരമായ മനോഭാവം അവസാനിപ്പിക്കണമെന്നും സുപ്രീം കോടതിയുടെ വിധികള്‍ അതേപടി നടപ്പാക്കാനുള്ള നടപടികള്‍ തൊഴില്‍ മന്ത്രി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News