
തിരുവനന്തപുരം: ഇരുണ്ടകാലത്തേക്ക് മടങ്ങാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നതാണ് തെരഞ്ഞെടുപ്പിലെ ആവേശം സൂചിപ്പിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. തിരുവനന്തപുരം ജവഹർ നഗർ എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുപോലെയൊരു തെരഞ്ഞെടുപ്പ് പ്രചാരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തെ വിലയിരുത്താനാണ് ഇടതുപക്ഷം ജനങ്ങളോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വിഷലിപ്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ദേശീയനേതാക്കളെ ഇവിടെക്കൊണ്ടുവന്ന് കോൺഗ്രസ് നേതാക്കൾ കളവ് പറയിപ്പിച്ചു. മല്ലികാർജുൻ ഖാർഗെ ഇന്നലെ മാപ്പ് പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന് മാപ്പ് പറയിക്കേണ്ട സ്ഥിതിയുണ്ടാക്കിയത് കോൺഗ്രസുകാർ എഴുതിക്കൊടുത്ത തിരക്കഥയല്ലേയെന്നും ബ്രിട്ടാസ് പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രിയെ ഇവിടെക്കൊണ്ടുവന്ന് കോമാളിവേഷം കെട്ടിച്ചു. പത്തുവർഷം അധികാരത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്നതിന്‍റെ വിഭ്രാന്തി യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടായിരുന്നതായും ജോൺ ബ്രിട്ടാസ് പറഞ്ഞു.
Also Read- ‘എൽഡിഎഫ് വൻവിജയം നേടും, കഴിഞ്ഞ പ്രാവശ്യത്തെക്കാൾ അധിക സീറ്റുകൾ നേടും’; എം ബി രാജേഷ്
അതോടൊപ്പം പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ വയനാട് ഫണ്ട് തട്ടിപ്പ് ഉൾപ്പടെയുള്ള കോൺഗ്രസിന്‍റെ തട്ടിപ്പും വെട്ടിപ്പും പിടിപ്പുകേടുമെല്ലാം പുറത്തുവന്നു. അവരുടെ നേതാക്കൾ തന്നെയാണ് ഇതൊക്കെ വലിച്ചിഴച്ചത്. ജനങ്ങൾക്ക് കാര്യം മനസിലായി. വയനാട് ദുരന്തത്തിൽ പൊലിഞ്ഞ ജീവന്‍റെ പേരിൽ ഇതുപോലെ കൊള്ള നടത്താൻ കോൺഗ്രസിന് കഴിയുമെങ്കിൽ ഭരണം കിട്ടിയാൽ ഏതുതരം കൊള്ളയാണ് നടക്കാൻ പോകുന്നതെന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധമുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

