
തൊഴിലാളി സമരം നോയിഡയിൽ ആളിക്കത്തുകയാണ് എന്നാൽ അതിനെപ്പറ്റി ഒന്ന് സംസാരിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് ഡോ ജോൺബ്രിട്ടാസ് എംപി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയ കോളനിയാക്കാൻ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ, വെറും 30 കിലോമീറ്റർ അകലെ നടക്കുന്ന ഈ തൊഴിലാളി സമരത്തെക്കുറിച്ച് മിണ്ടാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യോഗി ഭരണത്തിൽ യുപി സ്വർഗമാണെന്ന് ആവർത്തിച്ച് ബിജെപി പറയുമ്പോഴാണ് തൊഴിലാളികൾ അവിടെ തെരുവിൽ ഇറങ്ങുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. സമരത്തെ പൊലീസ് അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെയാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുള്ളത്.
Also read: ലോക്സഭാ കടന്നില്ല; വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മിനിമം കൂലി വർദ്ധനവ് ആവശ്യപ്പെട്ട് ദേശീയ തലസ്ഥാന മേഖലയായ (National Capital Region – NCR) നോയിഡയിൽ തൊഴിലാളികൾ സമരം നടത്തുകയാണ്. ഡൽഹിയുടെ തൊട്ടടുത്ത്, ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രത്തിൽ തൊഴിലാളികൾക്ക് നിലനിൽപ്പിനുവേണ്ടി തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയ കോളനിയാക്കാൻ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ, വെറും 30 കിലോമീറ്റർ അകലെ നടക്കുന്ന ഈ തൊഴിലാളി സമരത്തെക്കുറിച്ച് മിണ്ടാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
യോഗി ഭരണത്തിൽ യുപി സ്വർഗ്ഗമായെന്ന് കേരളത്തിലെ ബിജെപിക്കാർ ആവർത്തിച്ച് പ്രചരിപ്പിക്കുമ്പോഴും, അവിടെ 450 രൂപ പോലും മിനിമം കൂലിയില്ല എന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫാക്ടറി തൊഴിലാളികളിൽ ആരംഭിച്ച സമരം ഇപ്പോൾ മറ്റ് മേഖലകളിലേക്കും പടർന്നിരിക്കുകയാണ്. കൂലി വർദ്ധനവ് ആവശ്യപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകളെ പോലും തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയാണ് ഉത്തർപ്രദേശ് പോലീസ്. സമരം അക്രമാസക്തമാക്കി തകർക്കാനുള്ള നീക്കം സർക്കാർ അവസാനിപ്പിക്കുകയും, സമരം ചെയ്യുന്ന തൊഴിലാളികൾക്ക് മാന്യമായ കൂലി വർദ്ധനവ് പ്രഖ്യാപിക്കുകയും വേണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

