ഇന്ത്യയിലേറ്റവും മികച്ച ആരോഗ്യ പ്രവർത്തനം നടത്തുന്ന കേരളത്തിന് കിട്ടിയ അംഗീകാരം; പത്മഭൂഷണിൽ സന്തോഷം പങ്കിട്ട് ഡോ. ജോസ് ചാക്കോ പെരിയപ്പുറം

dr jose chacko periyappuram

തനിക്ക് ലഭിച്ച പത്മഭൂഷൺ വൈദ്യശാസ്ത്രത്തിന് ആകമാനമുള്ള അംഗീകാരമായി കാണുന്നുവെന്ന് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം. ഇന്ത്യയിൽ ഏറ്റവും നല്ല ആരോഗ്യ പ്രവർത്തനം നടത്തുന്ന കേരളത്തിന് കിട്ടിയ അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. തങ്ങളെല്ലാം സമൂഹത്തിനായി നിലകൊള്ളുന്ന നിശബ്ദ ആരോഗ്യ പ്രവർത്തകരാണ്. പത്മഭൂഷൺ ബഹുമതിയോട് വലിയ ബഹുമാനമുണ്ട്.

മുന്നോട്ടുള്ള പ്രയാണത്തിന് ഈ അംഗീകാരം കൂടുതൽ ഊർജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർട്ട് കെയർ ഫൗണ്ടേഷന്റെ പ്രവർത്തനം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് ജോസ് പെരിയപ്പുറം.

ALSO READ; ‘എനിക്ക് മാത്രമല്ല, ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണിത്’; പത്മശ്രീയിൽ സന്തോഷം പങ്കുവച്ച് ഐഎം വിജയൻ

2003 മെയ് 13-ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ഈ ശസ്ത്രക്രിയ. 2011-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പാലാ സെയ്ന്റ് തോമസ് കോളേജില്‍നിന്ന് ബിഎസ്സി ബോട്ടണി പൂര്‍ത്തിയാക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ എം.ബി.ബി.എസ്. പഠനം. പിന്നീട് യുകെയില്‍നിന്ന് ബിരുദാനന്തരബിരുദം അടക്കം കരസ്ഥമാക്കി.

ഇന്നലെയാണ് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡിസംബര്‍ 25ന് വിടപറഞ്ഞ മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. 139 പേരുടെ പത്മ പുരസ്‌കാര പട്ടികയില്‍ നിരവധി മലയാളി സാന്നിധ്യം അഭിമാനമായി. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, സിനിമാ താരവും നര്‍ത്തകിയുമായ ശോഭന എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, സംഗീതജ്ഞ കെ ഓമനക്കുട്ടി എന്നിവര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. വിവിധ മേഖലകളിലുളള ഏഴ് പേര്‍ക്ക് പത്മവിഭൂഷണും 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News