ഈ അനുഭവം മറക്കാന്‍ കഴിയില്ല: നദിയുടെ മറുകരയില്‍ പരിക്കേറ്റവര്‍, പിന്നെയൊന്നും ചിന്തിച്ചില്ല റോപ്പില്‍ തൂങ്ങി അക്കരെയെത്തി ഡോക്ടര്‍ ലവ്‌ന, വീഡിയോ

മലയാളികള്‍ വയനാടിനായി ഒന്നിച്ചു നില്‍ക്കുകയാണ്. പണവും വസ്ത്രവും ഭക്ഷണവും മാത്രമല്ല അവരുടെ സാന്നിദ്ധ്യം ആവശ്യമെങ്കില്‍ അതിനും മലയാളികള്‍ തയ്യാറാണ്. ജീവന്‍ പണയം വച്ചും, ഏത് ഭയത്തെയും നേരിടാന്‍ അവര്‍ തയ്യാറാകും. ബെയ്‌ലി പാലം നിര്‍മിച്ച് കരസേന മേജര്‍ സീതാ ഷെല്‍ക്കെ മലയാളത്തിന്റെ, രാജ്യത്തിന്റെ മനസിലിടം പിടിച്ചപ്പോള്‍ കേരളത്തിന്റെ സ്വന്തം ഡോക്ടര്‍ ലവ്‌ന മുഹമ്മദിനും പറയാനുണ്ട് ഒരിക്കലും മറക്കാനാകാത്ത അനുഭവം.

ALSO READ:  വയനാട് ഉരുൾപൊട്ടൽ ദുരന്തം; ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്‍

കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടറാണ് ലവ്ന. വെല്ലുവിളി നിറഞ്ഞ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രിയിലെത്തിക്കാനും ലവ്‌നയുടെപ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് ദുരന്തമുഖത്ത് ഉണ്ടായിരുന്നത്.
ഗതിമാറി ഒഴുകിയ പുഴ ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയപ്പോള്‍ മറുകരയില്‍ കുടുങ്ങിയവരെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ടത് ലവ്‌നയാണ്. സംഭവദിവസം മൈസൂരിലായിരുന്ന ഡോക്ടര്‍ പെട്ടെന്നു തന്നെ വയനാട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും ആശുപത്രിയിലെ മെഡിക്കല്‍ സംഘവും പ്രദേശത്തേക്ക് തിരിച്ചിരുന്നു. ആദ്യമെത്തുന്നത് മൃതദേഹങ്ങളായതിനാല്‍ പെട്ടെന്ന് സേവനം വേണ്ടി വരില്ലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സാഹചര്യം വളരെ മോശമായിരുന്നു.

കുത്തിയൊലിക്കുന്ന പുഴയുടെ മറുകരയില്‍ പരിക്കേറ്റവര്‍ കുടുങ്ങി കിടക്കുന്നു. അവരുടെ പരിക്കുകള്‍ പരിശോധിക്കാതെ ഇക്കരയ്‌ക്കെത്തിച്ചാല്‍ നില വീണ്ടും വഷളാകും. നട്ടെല്ലിനും നെഞ്ചിനുമാണ് പരിക്കെങ്കില്‍ എന്ന ആശങ്കകൂടി മനസില്‍ തോന്നിയതോടെ പിന്നൊന്നും ചിന്തിച്ചില്ല. ഉയരമെന്ന പേടിയെ മാറ്റിനിര്‍ത്തി പുഴയുടെ മറുകരയിലേക്ക് റോപ്പില്‍ തൂങ്ങി ലവ്‌ന മറുകരയിലേക്ക്. താഴെയുള്ള ഭയപ്പെടുത്തുന്ന കുത്തിയൊഴുകുന്ന പുഴയൊന്നും അപ്പോള്‍ ലവ്‌നയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ത്തില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

മനസില്‍ ചികിത്സ വൈകരുതെന്ന ചിന്തമാത്രമായിരുന്നു അപ്പോഴെന്ന് ലവ്‌ന പറയുന്നു. വികാരനിര്‍ഭരമായ മനസിനെ മരവിപ്പിക്കുന്ന കാഴ്ചകളിലൂടെ കടന്നുപോകുമ്പോഴും അതിലൊന്നും തളരാതെ രക്ഷിക്കാന്‍ പറ്റുന്നവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാക്കി പ്രവര്‍ത്തനം. ഭയന്നതു പോലെ ചിലര്‍ക്ക് നെഞ്ചിലും ചിലര്‍ക്ക് നട്ടെല്ലിനുമായിരുന്നു പരിക്ക്. നട്ടെല്ലിന് പരിക്കേറ്റാല്‍ ചെറിയ രീതിയിലുള്ള ചലനം പോലും പ്രശ്നമാകും. ഇവരെയൊക്കെ വ്യോമസേനയുടെ ഹെലിക്കോപ്റ്ററില്‍ കയറ്റിവിട്ടു.

ALSO READ: വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

എമര്‍ജന്‍സി ഡോക്ടര്‍ കൂടിയായ ലവ്‌ന കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കണമെന്ന ചിന്തയില്‍ നിന്നുണ്ടായ ധൈര്യത്തിലാണ് റോപ്പിലൂടെ മറുകരയിലെത്തിയത്. എന്നാല്‍ അവിടെ കണ്ട കാഴ്ചകളുടെ ട്രോമയില്‍ നിന്നും ഇതുവരെയും മുക്തി നേടിയിട്ടില്ലെന്ന് പറയുന്നു ഡോക്ടര്‍.

ആയുര്‍വേദ ഡോക്ടറായ ഉമ്മ സാബിറ ബാനുവാണ് ഇത്തരം ഘട്ടങ്ങളില്‍ തന്റെ ധൈര്യമെന്ന് ലവ്ന പറയുന്നു. കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം റിട്ട. പ്രൊഫസറായ പരേതനായ ഡോ. വി.മുഹമ്മദാണ് പിതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News