
ലക്ഷക്കണക്കിന് തീർഥാടകർക്ക് കൈത്താങ്ങായി മലയാളിയായ ഡോ. ഷംഷീറിന്റെ സൗദി ആർപിഎം. മക്കയിലും പുണ്യനഗരങ്ങളിലും ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ, തീർഥാടകർക്ക് സുരക്ഷയും പരിചരണവുമൊരുക്കി ചരിത്രത്തിന്റെ ഭാഗമാവുകയാണ് സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർ.പി.എം). സൗദി ഭരണകൂടവുമായി ചേർന്ന് സൗദി റെഡ് ക്രെസന്റ് അതോറിറ്റി ഒരുക്കുന്ന അടിയന്തര ആരോഗ്യ സേവനങ്ങൾക്കുള്ള പ്രവർത്തന ചുമതല ഇക്കുറി സൗദി ആർപിഎമ്മിനാണ് നൽകിയിരിക്കുന്നത്.
ചെയർമാനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സൗദി ആർ.പി.എം വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
പ്രത്യേക മെഡിക്കൽ സംഘത്തിന് പ്രചോദനമേകി ആരോഗ്യ മന്ത്രി
പ്രീ-ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ സർവീസ് രംഗത്തെ പ്രമുഖരായ സൗദി ആർ.പി.എം, 6,000-ത്തിലധികം വരുന്ന പ്രത്യേക മെഡിക്കൽ സംഘത്തെയും അത്യാധുനിക സജ്ജീകരണങ്ങളുള്ള 300-ലധികം ആംബുലൻസുകളുമാണ് തീർഥാടകരുടെ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. സൗദി റെഡ്ക്രസന്റ് നേതൃത്വവും ഡോ. ഷംഷീറും ആരോഗ്യ പ്രവർത്തകർക്ക് സജീവ പിന്തുണയുമായി ഒപ്പമുണ്ട്.
സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ജലാജേൽ നേരിട്ട് പാരാമെഡിക്കൽ ജീവനക്കാരെ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. അടിയന്തര ചികിത്സ നൽകാൻ കർമനിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു.
അത്യാധുനിക കൺട്രോൾ റൂമും ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനവും
തീർഥാടക ലക്ഷങ്ങൾ ഒത്തുകൂടിയ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലും ഗ്രാൻഡ് മോസ്ക് പരിസരങ്ങളിലും ആർ.പി.എം ടീം സജീവമാണ്. തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ഫീൽഡ് ആംബുലൻസ് ടീമുകളും അത്യാഹിത വിഭാഗത്തിലുള്ളവരെ വേഗത്തിൽ മാറ്റാനുള്ള വിപുലമായ എമർജൻസി ശൃംഖലയും സജ്ജമാക്കിയിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് ആർ.പി.എം പാരാമെഡിക്സ് പ്രവർത്തിക്കുന്നത്. സൗദി റെഡ് ക്രെസന്റുമായി ചേർന്നുള്ള ജി.പി.എസ് ട്രാക്കിംഗ്, ഇൻസ്റ്റന്റ് ഡിസ്പാച്ച് സിസ്റ്റം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ വഴി മിനിറ്റുകൾക്കുള്ളിൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുവാൻ ജീവനക്കാർക്ക് സാധിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ള തീർഥാടകർക്കായി ഹജ്ജ് കർമ്മങ്ങൾക്ക് മുൻപും പിൻപും പ്രത്യേക മെഡിക്കൽ ഫോളോ-അപ്പ് ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ പദ്ധതികളും ആർ.പി.എം നടപ്പിലാക്കി.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സ്വകാര്യ ആരോഗ്യമേഖലയെ ഹജ്ജ് ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കുന്നതിൽ ഈ ദൗത്യം വലിയൊരു ചുവടുവെപ്പാണ്. സൗദി റെഡ് ക്രസന്റിനൊപ്പം ഈ ചരിത്രപരമായ മിഷന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഡോ. ഷംഷീർ പറഞ്ഞു. ആർ.പി.എമ്മിന്റെ വിശ്വസ്തരായ മെഡിക്കൽ സംഘത്തിന് അധികൃതർക്കൊപ്പം രാവും പകലും പുണ്യസ്ഥലങ്ങളിൽ സേവനം അനുഷ്ഠിക്കാനായെന്നും തീർഥാടകരുടെ പുഞ്ചിരിയും സ്നേഹവുമാണ് ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങി അടിയന്തര സേവനങ്ങൾ
തീർഥാടകർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ ആർ.പി.എം ജീവനക്കാരും പാരാമെഡിക്സും ഓടിയെത്തി കൈത്താങ്ങാവുന്ന നിരവധി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഈ വീഡിയോകളിൽ തീർഥാടകർ തങ്ങൾക്ക് ലഭിച്ച മെഡിക്കൽ പിന്തുണയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പ്രായമായ തീർഥാടകരെ പരിചരിക്കുന്നതും അത്യാഹിത ഘട്ടങ്ങളിൽ കൃത്യസമയത്ത് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതും വീഡിയോകളിൽ കാണാം. ലോകത്തെ ഏറ്റവും വലിയ തീർഥാടനം വിജയകരമായി പൂർത്തിയാകുമ്പോൾ മലയാളികൾക്ക് അഭിമാനമാവുകയാണ് ഈ പങ്കാളിത്തം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

