
സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളിൽ ‘നിയോ കേരളം’, ‘നവകേരളം’ എന്നീ പദപ്രയോഗങ്ങൾ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ച ‘നിയോ കേരള മോഡൽ’ എന്ന പ്രയോഗം രാഷ്ട്രീയപരമായി തെറ്റായ അർത്ഥമാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസക്കിന്റെ ഫെയ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇടതുപക്ഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉയർത്തിപ്പിടിക്കുന്ന നവകേരളം എന്ന കാഴ്ചപ്പാട് കേരള മോഡൽ കാലഹരണപ്പെട്ടതുകൊണ്ടല്ല രൂപപ്പെട്ടതെന്നും മറിച്ച്, മാറുന്ന കാലത്തെ പുതിയ വെല്ലുവിളികളെ നേരിടാൻ വികസന നയങ്ങളിൽ മാറ്റം വരുത്താനാണ് ഇത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒപ്പം കോൺഗ്രസിന്റേത് നിയോ കേരള മോഡൽ ആണെന്നും, ക്ഷേമ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള കർമ്മപദ്ധതി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
Also read : വർക്കലയിൽ ഫ്രഞ്ച് സ്വദേശിനിക്ക് വാഹനമിടിച്ച് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി
നിയോ കേരള മോഡലോ? അതെന്തൊരു മോഡൽ?
രാഷ്ട്രമീംമാംസ മേഖലയിൽ നിയോ എന്നത് ഉപസർഗമാക്കുന്നത് നല്ല അർത്ഥത്തിലല്ല എന്നത് പ്രതിപക്ഷ നേതാവിന് ഇതുവരെ തിരിഞ്ഞിട്ടില്ല. ഇതാണ് ലിബറൽ അല്ലെങ്കിൽ ലഫ്റ്റ് വ്യവഹാരത്തിലെ ശൈലി. അദ്ദേഹം ഇപ്പോൾ നെഹ്റുവിയൻ ലഫ്റ്റ് ആണെന്നാണല്ലോ അവകാശപ്പെടുന്നത്. അതുകൊണ്ട് പറഞ്ഞന്നേയുള്ളൂ. എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ തരാം.
നിയോ-ലിബറൽ = ലിബറലിസത്തിന്റെ സമകാലീന വികൃത രൂപമാണ്.
നിയോ-നാസി = സമകാലീന നാസി ചിന്താഗതി
നിയോ-മാർക്സിസം = പോസിറ്റീവായിട്ടാണ് പറയുന്നതെങ്കിൽ പോസ്റ്റ്-മാർക്സിസ്റ്റ് എന്നാണ് പറയുക
നിയോ-കെയ്നീഷ്യൻ = കെയ്നീഷ്യൻ ചിന്താഗതിയേക്കാൾ കൂടുതൽ നിയോ-ക്ലാസിക്കൽ ചിന്താഗതിക്കാരായ പോൾ സാമുവൽസനെപ്പോലുള്ളവർ. പോസിറ്റീവ് ആയിട്ടാണെങ്കിൽ പോസ്റ്റ് കെയ്നീഷ്യൻസ് എന്നാണു പറയുന്നത്. ഉദാഹരണത്തിന് ജോവൻ റോബിൻസണെ പോലുള്ളവർ.
നിയോ-കൊളോണിയൽ = കൊളോണിയലിസത്തേക്കാൾ മെച്ചമല്ല.
ഇങ്ങനെ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാം. നിയോ എന്നത് പോസിറ്റീവ് അല്ലെങ്കിൽ ന്യൂട്രലായ ഉപസർഗമായി ചേർക്കുക കൂടുതൽ ശാസ്ത്ര മേഖലയാണ്. ഉദോഹരണങ്ങൾ ചുവടെ ചേർക്കുന്നു.
നിയോ-നേറ്റൽ = നവജാത ശിശുക്കളുമായി ബന്ധപ്പെട്ടത്.
നിയോ-ലിത്തിക് = നവീന ശിലായുഗം
നിയോ-ലോജിസം = പുതിയ വാക്ക്
അതുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയോ കേരളം എന്നോ, നിയോ കേരള മോഡൽ എന്നോ അല്ല പറയേണ്ടത്. ‘നവകേരളം’ എന്നോ ‘നവകേരളം മോഡൽ’ എന്നോ ആണ്.
ഇതൊരു ദശാബ്ദമായി കേരളത്തിലെ ഇടതുപക്ഷം ഉപയോഗിച്ചുവരുന്ന പ്രയോഗമാണ്. ഇത് അദ്ദേഹം പറയുന്നതുപോലെ കേരള മോഡൽ കാലഹരണപ്പെട്ടതുകൊണ്ടല്ല. മറിച്ച്, പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിരിക്കുന്ന പശ്ചാത്തലത്തിൽ വികസന നയങ്ങളിൽ മാറ്റങ്ങൾ അനിവാര്യമായതുകൊണ്ടാണ്. അങ്ങനെ മാറ്റങ്ങൾ വരുമ്പോൾ പഴയ കേരള മോഡലിന്റെ ക്ഷേമനയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണു ചെയ്യേണ്ടത്. ജനകീയ ഇടപെടലുകളിലൂടെ നേടിയ സാമൂഹ്യക്ഷേമ നേട്ടങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടുവേണം പശ്ചാത്തലസൗകര്യങ്ങളിൽ കുതിപ്പും പുതിയ വിജ്ഞാന വ്യവസായങ്ങളുടെ വ്യാപനവും ആധുനിക തൊഴിലവസരങ്ങളുടെ സൃഷ്ടിയും നേടാൻ. ഇതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന “നവകേരളം വികസന കാഴ്ചപ്പാട്”.
കോൺഗ്രസിന്റേത് നിയോ കേരള മോഡൽ ആണ്. ക്ഷേമ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പശ്ചാത്തല വ്യവസായ മേഖലയിൽ നിക്ഷേപകുതിപ്പ് ഉറപ്പുവരുത്തുന്നതിന് ഒരു കർമ്മപരിപാടി കോൺഗ്രസിന് ഇല്ല. കാരണം, കടപ്പേടിയാണ് ഇന്നത്തെ കോൺഗ്രസിന്റെ മുഖമുദ്ര. റവന്യു വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നവകേരളം സൃഷ്ടിക്കാനാവില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയോ കേരളം സിദ്ധാന്തവുംകൊണ്ട് ഇറങ്ങിയിരിക്കുന്നത്. പേര് പോലെ തന്നെ ജനവിരുദ്ധമാണ് ഈ ചിന്താഗതി.
നമുക്ക് വേണ്ടത് ‘നിയോകേരളം’ അല്ല “നവകേരളം” ആണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

