അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തെ നടുക്കി കൊണ്ടായിരുന്നു 2025 ജൂൺ 12 ന് അഹമ്മദാബാദ് വിമാന ദുരന്തം സംഭവിച്ചത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ആ അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം ഇപ്പോഴും മന്ദ​ഗതിയിലാണ്. ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകട അന്വേഷണത്തെക്കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. 2025 ജൂലൈ 12-ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഒരു പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അത് വെബ്സൈറ്റിൽ ലഭ്യമാണെന്നുമാണ് ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും പൂർത്തിയായ ശേഷം അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നുമാണ് മന്ത്രാലയം അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം ഉന്നയിച്ച സുപ്രധാന ചോദ്യങ്ങളിൽ നിന്നെല്ലാം സർക്കാർ തികച്ചും ഒഴിഞ്ഞുമാറുകയാണെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു.

Also Read: പേടിയാണോ മോദി സർക്കാരേ…; ദില്ലിയിൽ ഇന്നും 16 മെട്രോ സ്റ്റേഷനുകൾ പൂട്ടി

അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ എന്താണ്? ഐസിഎഒ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു വർഷത്തെ സമയപരിധിക്കപ്പുറം അന്വേഷണം അപൂർണ്ണമായി തുടരുന്നത് എന്തുകൊണ്ട്? പ്രാഥമിക റിപ്പോർട്ടിൽ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ വിവരങ്ങൾ ഭാഗികമായി പുറത്തുവിട്ടത് വിമാന ജീവനക്കാരുടെ വീഴ്ചയാണെന്ന പ്രചാരണങ്ങൾക്ക് വഴിവെച്ചതിലുള്ള സർക്കാരിന്റെ പ്രതികരണം എന്താണ്? അന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ചും രീതികളെക്കുറിച്ചും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും പൈലറ്റ് അസോസിയേഷനുകളിൽ നിന്നും ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തത വരുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ, നൽകിയ മറുപടിയേക്കാൾ, മനഃപൂർവ്വം മറച്ചുവെച്ച കാര്യങ്ങൾ കൊണ്ടാണ് സർക്കാറിന്റെ ഈ മറുപടി ശ്രദ്ധേയമാകുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News