പുറംകടലിലെ ലഹരി വേട്ട ; കേരളത്തിനെതിരെ അപവാദ പ്രചാരണത്തിന് നീക്കം

പുറംകടലില്‍ നിന്ന് 25,000 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചതിനെ കേരളവുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണത്തിന് നീക്കം. കൊച്ചിയിലേക്ക് എത്തിക്കാനുളള നീക്കത്തിനിടെയാണ് മയക്കുമരുന്ന് പിടികൂടിയതെന്നാണ് വ്യാജ പ്രചാരണം. കൊച്ചി ലഹരിക്കടത്തെന്നായിരുന്നു ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിന്റെ വിശേഷണം.

കഴിഞ്ഞ ദിവസമാണ് നാവികസേനയും നാര്‍ക്കോട്ടിക്‌സ കണ്‍ട്രോള്‍ ബ്യൂറോയും പുറം കടലില്‍ നടത്തിയ ലഹരി വേട്ടയ്ക്കിടെയാണ് 25,000 കോടി രൂപ വിപണി മൂല്യം വരുന്ന മയുക്കുമരുന്നു പിടികൂടിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ പൗരനായ ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് പാക് സ്വദേശി സുബീര്‍ ദെറക്ഷാന്‍ഡെയാണ് പിടിയിലായതെന്ന് എന്‍സിബി സ്ഥിരീകരിച്ചു. രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട വലിയ ലഹരി മരുന്ന് വേട്ട കൂടിയാണിത്.

പാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാജി സലിം നെറ്റ് വര്‍ക്കാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിര്‍മിച്ച് ഇറാനിലേക്കും അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്കും കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ക്കുള്ളില്‍ കൊച്ചി പുറംകടലില്‍ വച്ച് കോടികളുടെ മയക്കുമരുന്ന് വേട്ട നടന്നത്.

നിലവില്‍ ഏറ്റവും അടുത്തുള്ള നേവി തുറമുഖം എന്ന നിലയ്ക്ക് കൊച്ചിയിലേക്ക് ആണ് പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരം എത്തിച്ചത്. എന്നാല്‍ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോയ ലഹരി വസ്തുക്കള്‍  പുറം കടലില്‍ വച്ച് പിടികൂടിയതോടെ കേരളവുമായി ബന്ധപ്പെടുത്താന്‍ ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറടക്കമുള്ളവരാണ് ആരോപണങ്ങളുമായി മുന്‍പന്തിയില്‍ എത്തിയത്.

അതേസമയം, നിലവില്‍ കൊച്ചിയിലേക്കാണ് വന്‍ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന അഭ്യൂഹം എന്‍സിബി ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. കടലിലേക്കെറിഞ്ഞു കളഞ്ഞ കൂടുതല്‍ പാക്കറ്റുകള്‍ കണ്ടെത്താന്‍ ഇതിനിടെ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ബോട്ടില്‍ രക്ഷപ്പെട്ട ആറുപേരെക്കുറിച്ചു ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here