പുറം കടലിലെ ലഹരിവേട്ട; പിടിയിലായ പാകിസ്ഥാന്‍ പൗരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് പിടിയിലായ പാകിസ്ഥാന്‍ പൗരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടികൂടിയത് ഇരുപത്തയ്യായിരം കോടി രൂപ വിലയുള്ള മയക്കുമരുന്നാണെന്ന് നാര്‍ക്കോട്ടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കെടുപ്പില്‍ തെളിഞ്ഞിരുന്നു. അതേ സമയം ആറുപേര്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായും എന്‍ സി ബിയ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട്.

നാവികസേനയുടെ സഹായത്തോടെ നാര്‍ക്കോട്ടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോ പുറംകടലില്‍ വെച്ച് പിടികൂടിയത് പന്ത്രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നാണെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ വിശദമായ കണക്കെടുപ്പില്‍ ഇരുപത്തയ്യായിരം കോടി രൂപ വിപണിമൂല്യമുള്ള മയക്കുമരുന്ന് പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമായി. പിടിച്ചെടുത്ത 2552 കിലോഗ്രാമിനു പുറമെ കൂടുതല്‍ രാസലഹരി കടലില്‍ മുക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ള പാക് പൗരനെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ സി ബിയ്ക്ക് ഈ വിവരം ലഭിച്ചത്.വെള്ളം കയറാത്ത രീതിയില്‍ പൊതിഞ്ഞ ലഹരി പാഴ്സലുകളാണ് കടലില്‍ തള്ളിയിരിക്കുന്നത്. ജി പി എസ് സംവിധാനം ഉപയോഗിച്ച് ഇത് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ലഹരിമരുന്ന് കടലില്‍ എറിഞ്ഞ ശേഷം സംഘത്തിലുണ്ടായിരുന്ന ആറുപേര്‍ സ്പീഡ് ബോട്ടില്‍ കയറി കടന്നുകളഞ്ഞതായും മൊഴിലഭിച്ചിട്ടുണ്ട്.

പാക് പൗരനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ലഹരിയുടെ ഉറവിടം സംബന്ധിച്ചും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് എന്‍ സി ബിയുടെ പ്രതീക്ഷ. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാജി സലീം നെറ്റ് വര്‍ക്കാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച് ഇറാനിലെ മക്രാന്‍ തീരത്തെത്തിച്ച് കടല്‍ മാര്‍ഗ്ഗം ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കും കടത്താന്‍ ശ്രമിക്കവെയാണ് പുറംകടലില്‍ വെച്ച് മയക്കുമരുന്ന് പിടികൂടിയത്.

ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.ഹാജി സലീം നെറ്റ് വര്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുന്ന പാക് ലഹരി മാഫിയയാണെന്നതിനാല്‍ എന്‍ സി ബിക്കു പുറമെ എന്‍ ഐ എയും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News