
ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടും. നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഇതിനുള്ള നടപടി തുടങ്ങി. പ്രതികളുടെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ NCB മരവിപ്പിച്ചിരുന്നു.
കേസില്‍ എന്‍ സി ബി അറസ്റ്റു ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസണ്‍, കൂട്ടാളി അരുണ്‍ തോമസ് ഇടുക്കിയിലെ റിസോര്‍ട്ട് ഉടമകളായ ദമ്പതികള്‍ എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടാനാണ് തീരുമാനം. ഇതിനു മുന്നോടിയായി പ്രതികളുടെ ഇന്ത്യയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മരവിപ്പിച്ചിരുന്നു.
മയക്കുമരുന്ന് സംഘത്തിന്റെ ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപം, ക്രിപ്റ്റോകറന്‍സി വഴിയുള്ള ഇടപാടുകള്‍, മറ്റു സ്വത്തുവകകള്‍ എന്നിവ കണ്ടുകെട്ടാനാണ് നീക്കം. അതേസമയം, ഇവരുടെ വിദേശനിക്ഷേപങ്ങള്‍, ക്രിപ്റ്റോകറന്‍സി ഇടപാട്, മറ്റു സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല. എഡിസന്റേതടക്കം മരവിപ്പിച്ച അക്കൗണ്ടുകളില്‍ കാര്യമായ നിക്ഷേപം ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
Also Read : കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പഴക്കമുള്ള കൊലപാതകം: മറ്റൊരു കൊല കൂടി നടത്തിയെന്ന് വെളിപ്പെടുത്തി പ്രതി
അതേസമയം മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡിലുള്ള കെറ്റാമെലോണ്‍ തലവന്‍ എഡിസനെയും സുഹൃത്ത് അരുണ്‍ തോമസിനെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി എന്‍സിബി നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
സമാനമായ മറ്റൊരു കേസില്‍ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയും അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. ഡാര്‍ക്ക് വെബ് മയക്കുമരുന്ന് ഇടപാടില്‍ കൂടുതല്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെബ്സൈറ്റുകള്‍ കൂടാതെ, പ്രതികളുടെ മൊബൈലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഡാര്‍ക്ക്വെബ്ബിന്റെ മുഖ്യസൂത്രധാരനായ ഡോ. സ്യൂസില്‍നിന്ന് പാഴ്സല്‍വഴിയാണ് എഡിസണ്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നത്. തുടര്‍ന്ന് കെറ്റാമെലോണ്‍വഴി ബന്ധപ്പെടുന്നവര്‍ക്ക് പാഴ്സലുകളില്‍ അയക്കുകയായിരുന്നു പതിവ്. ക്രിപ്റ്റോകറന്‍സിയായ മൊനേറോയിലായിരുന്നു ഇടപാടുകള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here