
ദുബായിൽ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായ് അൽ സഫാ സ്ട്രീറ്റിൽ അൽസഫ സ്ട്രീറ്റ് പുനരുദ്ധാരണ പദ്ധതിയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽസഫ സ്ട്രീറ്റ് ജംങ്ഷൻ മുതൽ അൽ വാസൽ സ്ട്രീറ്റ് ജംങ്ഷൻ വരെ നീളുന്ന 1.5 കിലോമീറ്ററാണ് ഉൾപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി പുതിയ രണ്ടു പാലങ്ങളും രണ്ട് ടണലുകളും നിർമിക്കും. മൊത്തം 3.12 കിലോമീറ്ററാണ് നീളം.
റോഡുകളുടെ വീതി കൂട്ടുന്നതും ഉപരിതല ടാറിങ്ങും വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശത്തേക്കുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ കടത്തി വിടാനാകും. ഇപ്പോൾ 12 മിനിറ്റ് വേണ്ട യാത്ര 3 മിനിറ്റായി ചുരുങ്ങും.
ALSO READ; പ്രവാസി തൊഴിലാളികള്‍ക്ക് നിര്‍ബന്ധം; എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കി കുവൈറ്റ്
വഴിയാത്രക്കാർക്കായി പ്രത്യേക വോക്ക്‌വേ, സൈക്കിൾ സവാരിക്കാർക്കായി പ്രത്യേക ട്രാക്ക് എന്നിവയും നിർമിക്കുമെന്നു ദുബായ് ആർ ടി എ അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായ രണ്ടു പാലങ്ങളിൽ ഒന്നാമത്തേത് അൽ വാസൽ സ്ട്രീറ്റിൽ നിന്നു തുടങ്ങി ഷെയ്ഖ് സായിദ് റോഡ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് ഭാഗത്തേക്കാണ് നിർമിക്കുക. 4 വരി പാലത്തിന് നീളം ഒരു കിലോമീറ്റർ.
മണിക്കൂറിൽ 6400 വാഹനങ്ങൾ കടന്നു പോകും. രണ്ടാമത്തെ പാലം സത്വ റോഡിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് കടന്നു പോകാനാണ്. ഷെയ്ഖ് സായിദ് റോഡിൽ നിന്നും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്നും അൽ വാസൽ സ്ട്രീറ്റിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് ആദ്യത്തെ ടണൽ. അൽ വാസൽ സ്ട്രീറ്റ്, അൽ സഫ സ്ട്രീറ്റ് എന്നിവയുടെ ഇന്റർ സെക്‌ഷനിലാണ് രണ്ടാമത്തെ ടണൽ. മൊത്തം 750 മീറ്റർ ടണലിൽ 2 വരി റോഡും 6400 വാഹനങ്ങൾ കടത്തി വിടാനുള്ള ശേഷിയുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here