
ദുബായുടെ ഏറ്റവും വലിയ സമ്മർ ഫെസ്റ്റിവലായ ‘ദുബായ് സമ്മർ സർപ്രൈസസ്’ ജൂലൈ രണ്ട് മുതൽ ഓഗസ്റ്റ് 30 വരെ നടക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന ഈ മേളയുടെ 29-ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. മേക് ഇറ്റ് എ ദുബായ് സമ്മർ’ എന്ന പ്രമേയത്തിൽ 60 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ വിപുലമായ ഷോപ്പിങ് ഓഫറുകൾ, കലാപരിപാടികൾ, തത്സമയ കൺസേർട്ടുകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ജൂലൈ രണ്ട് മുതൽ അഞ്ച് വരെയുള്ള ഉദ്ഘാടന വാരത്തിൽ നഗരത്തിലെ പ്രമുഖ മാളുകളിലെല്ലാം പ്രശസ്ത താരങ്ങളുടെ തത്സമയ സംഗീതപരിപാടികൾ അരങ്ങേറും. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും പ്രിയപ്പെട്ട മാസ്കറ്റുകളായ മോദേഷും ദാനയും ഇത്തവണയും സർപ്രൈസ് സന്ദർശനങ്ങളുമായി നഗരത്തിലുടനീളമുണ്ടാകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജൂലൈ 3 മുതൽ ഓഗസ്റ്റ് 23 വരെ നടക്കുന്ന ‘മൊദേഷ് വേൾഡ്’ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന വിനോദങ്ങൾ സമ്മാനിക്കും. ഇതിനൊപ്പം മൊദേഷ് സ്‌കോളർഷിപ്പ് പദ്ധതിയിലൂടെ 20,000 ദിർഹം മൂല്യമുള്ള 10 സ്കോളർഷിപ്പുകൾ നേടാനുള്ള അവസരവും വിദ്യാർത്ഥികൾക്കുണ്ട്.
90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന ‘ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ’, സ്വർണം, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക ഫ്ലാഷ് സെയിൽ വീക്കെൻഡുകൾ എന്നിവ ഷോപ്പിങ് പ്രേമികളെ ആകർഷിക്കും. ഇതുകൂടാതെ, 300 ദിർഹത്തിന് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് പ്രതിദിന സമ്മാനങ്ങൾ നൽകുന്ന ‘ലക്കി റെസീപ്റ്റ്’ പ്രൊമോഷൻ, മൂന്ന് കിലോഗ്രാം സ്വർണം സമ്മാനം നൽകുന്ന ‘സിറ്റി ഓഫ് ഗോൾഡ്’ ക്യാംപെയിൻ, ക്യാഷ് പ്രൈസുകളും കാറുകളും നേടാനുള്ള ‘മെഗാ റാഫിളുകൾ’ എന്നിവയും ഡിഎസ്എസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

