വർഗ്ഗീയത വളർത്താൻ സിനിമ; ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

സുദിപ്തോ സെൻ സംവിധാനം ചെയ്‌ത ബംഗാളി ചലച്ചിത്രം ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ചിത്രത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സിനിമയുടെ ട്രെയിലർ മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണ്. മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തിൽ പൊതുബോധം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളം കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ യൂണിയൻ, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാർ സമീപിക്കുന്നത്. രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയിൽ യൂണിയൻ അഭ്യന്തര മന്ത്രാലയം തന്നെ തള്ളി കളഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണ കഥകൾ വീണ്ടും ഉന്നയിക്കുകയാണ് എന്നും ഡിവൈഎഫ്ഐ പറഞ്ഞു.

മുസ്ലിം എന്നത് തീവ്രവാദത്തിന് തുല്യമാണ് എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗ്ഗീയത പടർത്താനുമാണ് നീക്കം. ഇതിന് സിനിമ എന്ന ജനപ്രിയ മാധ്യമം ഉപയോഗപ്പെടുത്തുകയാണ്. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. ഈ സിനിമയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News