
ഭാരതീയ വിദ്യാനികേതന്‍റെ നേതൃത്വതിൽ നടക്കുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഗുരുപൂജയുടെ പേരിൽ കഴുകിച്ചത്.
വിദ്യാർഥികളിൽ ശാസ്ത്ര ബോധവും അറിവും വളർത്തേണ്ട സ്കൂളുകൾ ജീർണ്ണമായ വ്യവസ്ഥിതിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻറെ വിമോചനമൂല്യം ഇല്ലാതാക്കാനാണ്. അവർണർക്ക് അക്ഷരം നിഷേധിച്ച സവർണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാൽപ്പാദങ്ങളിൽ സമർപ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികൾ പഠിക്കേണ്ടതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കരുതെന്നും ഈ പരിപാടി സംഘടിപ്പിച്ച മുഴുവൻ ആളുകൾക്കെതിരെയും കർശനമായ നിയമ- അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

