
തിരുവനന്തപുരം എയർപോർട്ടിലെ യുവ ഐബി ഉദ്യോഗസ്ഥയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്‍റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു.
സംഭവത്തിന് ശേഷം സുകാന്ത് ഒളിവിലാണ്. മരണത്തിന് പിന്നിലെ സുകാന്ത് സുരേഷിന്‍റെ പങ്കിനെ സംബന്ധിച്ച് മരണമടഞ്ഞ മേഘയുടെ കുടുംബം തുടക്കം മുതൽ പറയുന്നുണ്ട്. മേഘയെ ചൂഷണം ചെയ്യുകയും അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയും ഗർഭഛിദ്രം നടത്താനായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത് കൃത്രിമ രേഖകൾ ഉണ്ടാക്കിയാണെന്നതും വിവാഹ രേഖകൾ ഉൾപ്പടെ സുകാന്ത് വ്യാജമായുണ്ടാക്കിയെന്നുമുള്ള വിവരം ഞെട്ടിക്കുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.
രാജ്യാന്തര വിമാനത്താവളം പോലെ പോലെ തന്ത്രപ്രധാനമായ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥയായ 24 വയസ്സുകാരി നേരിട്ട ചൂഷണവും തുടർന്നുണ്ടായ മരണവും ഗൗരവതരമാണ്. മരണത്തിന് പിന്നിൽ ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിന്‍റെ പങ്കിനെ സംബന്ധിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തണം. അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കണം. കേന്ദ്ര സർക്കാരിന് കീഴിലെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ സുകാന്തിനെ സർവീസിൽ നിന്ന് ഉടൻ സസ്പെന്‍റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

